തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതോടെ പ്രതിഷേധം ശക്തമാക്കി ഉദ്യോഗാര്‍ഥികള്‍. സമരത്തിന്റെ ഭാഗമായി വനിതാ ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ മുടി മുറിച്ച് പ്രതിഷേധിച്ചു. തുടര്‍ഭരണം നേടിയെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ തങ്ങളെ ചതിക്കുകയായിരുന്നുവെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സാധാരണ റാങ്ക് ലിസ്റ്റ് കാലാവധി ഒരു വര്‍ഷമാണ്. പുതിയ പട്ടിക വന്നില്ലെങ്കില്‍ മൂന്ന് വര്‍ഷമെന്നാണ് കണക്ക്. ബുധനാഴ്ച കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വര്‍ഷം കഴിഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎസ്സിയെ പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കരുതെന്ന് ഷാഫി ആരോപിച്ചു. കരുവന്നൂര്‍ ബാങ്കിന്റെ നിലവാരത്തിലേക്ക് പിഎസ്സിയെ തരംതാഴ്ത്തരുതെന്നും ഷാഫി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. നേരത്തേ, ചോദ്യോത്തരവേളയില്‍ മന്ത്രി വി. ശിവന്‍കുട്ടി സംസാരിക്കാന്‍ എഴുന്നേറ്റപ്പോഴും അദ്ദേഹത്തിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചിരുന്നു.