FeaturedKeralaNews

ലാലി ടീച്ചര്‍ ജീവിക്കും; 5 പേരിലൂടെ, സര്‍ക്കാര്‍ ഹെലികോപ്ടറിന്റെ ആദ്യ ദൗത്യം ജീവന്‍രക്ഷാ ദൗത്യം, ലോക് ഡൗണില്‍ മറ്റൊരു അവയവദാനം

തിരുവനന്തപുരം: ചെമ്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാര്‍ (50) ഇനി 5 പേരിലൂടെ ജീവിക്കും. അന്യൂറിസം ബാധിച്ച് മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു. ഹൃദയം, 2 വൃക്കകള്‍, 2 കണ്ണുകള്‍ എന്നവയാണ് മറ്റുള്ളവര്‍ക്കായി നല്‍കിയത്. ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്ക കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും കോര്‍ണിയ ഗവ. കണ്ണാശുപത്രിയ്ക്കുമാണ് നല്‍കിയത്.

ലാലി ഗോപകുമാറിന്റെ മകള്‍ ദേവിക ഗോപകുമാറിനെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഫോണില്‍ വിളിച്ച് സാന്ത്വനിപ്പിച്ചു. തീവ്രദു:ഖത്തിലും അവയവദാനത്തിന് തയ്യാറായ ലാലി ഗോപകുമാറിന്റെ ബന്ധുക്കളെ ആദരവറിയിച്ചു. അനേകം കുട്ടികള്‍ക്ക് അറിവ് പകര്‍ന്ന ടീച്ചറായ ലാലി ഗോപകുമാര്‍ ഇക്കാര്യത്തിലും മാതൃകയായിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

പൗണ്ട്കടവ് ഗവ. എല്‍.പി.എസ്. സ്‌കൂളിലെ അധ്യാപികയാണ് ലാലി ഗോപകുമാര്‍. നേരത്തെ രക്താദി സമ്മര്‍ദമോ മറ്റസുഖങ്ങളോ ഇല്ലാതിരുന്ന ലാലിയ്ക്ക് മേയ് നാലിന് പെട്ടന്ന് ബി.പി. കൂടിയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ചെങ്കിലും അതില്‍ നിന്നും മുക്തി നേടിയിരുന്നു. അന്യൂറിസം ഉണ്ടായതിനെ തുടര്‍ന്ന് രക്തക്കുഴല്‍ പൊട്ടി രക്തസ്രാവവും സംഭവിച്ചു. അതോടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയിലേക്ക് പോയ്‌ക്കൊണ്ടിരുന്നു.

തുടര്‍ന്ന് മേയ് ഏഴിനാണ് ആദ്യ മസ്തിഷ്‌ക മരണം സംഭവിച്ചത്. എട്ടാം തീയതി രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന കുടുംബാംഗങ്ങള്‍ മുന്നോട്ട് വരികയായിരുന്നു. ‘അമ്മയ്ക്ക് ഇങ്ങനെ സംഭവിച്ച സമയത്ത് ഞങ്ങള്‍ കുറേ വിഷമിച്ചിരുന്നു. അമ്മ എപ്പോഴും എല്ലാവരേയും സഹായിച്ചിട്ടേയുള്ളൂ. ഞങ്ങളെപ്പോലെ കരയുന്നവരും കാണുമല്ലോ. അവര്‍ക്കൊരു സഹായമായാണ് അവയവദാനത്തിന് തയ്യാറായത്’ എന്നാണ് മകള്‍ ദേവിക ഗോപകുമാര്‍ പറയുന്നത്.

കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (KNOS) വഴിയാണ് അവയവദാന പ്രകൃയ നടത്തിയത്. ലോക് ഡൗണായതിനാല്‍ മുഖ്യമന്ത്രിയുടേയും ആരോഗ്യ വകുപ്പ് മന്ത്രിയുടേയും മറ്റ് പല വകുപ്പുകളുടേയും സഹകരണത്തോടെയാണ് അവയവദാന വിന്യാസം നടന്നത്.

ഹൃദയം എറണാകുളത്ത് ചികിത്സയിലുള്ള രോഗിക്ക് എത്തിക്കുന്നതിനുള്ള ദൗത്യം വളരെ വലുതായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റേ ആദ്യയാത്ര ഇതിനായി വിട്ടുകൊടുത്തു. തിരുവനന്തപുരം, എറണാകുളം ജില്ലാ ഭരണകൂടം, പോലീസ്, ട്രാഫിക് തുടങ്ങി പല സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെയാണ് അവയവദാനം നടന്നത്. കൊച്ചി ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരാണ് ഹൃദയ ശസ്ത്രകൃയയ്ക്ക് നേതൃത്വം നല്‍കിയത്.

മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അജയകുമാര്‍, മൃതസഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എന്നിവരാണ് അവയവദാന പ്രകൃയയ്ക്ക് നേതൃത്വം നല്‍കിയത്.

ഭര്‍ത്താവ് ഗോപകുമാര്‍ ബിസിനസ് നടത്തുന്നു. മൂന്ന് മക്കള്‍. ഗോപിക ഗോപകുമാര്‍ ഗള്‍ഫില്‍ നഴ്‌സാണ്. ദേവിക ഗോപകുമാര്‍ ബി.എച്ച്.എം.എസ്. വിദ്യര്‍ത്ഥി. ഗോപീഷ് ബി.ടെക് വിദ്യാര്‍ത്ഥി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker