ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരായി
തൃശൂര്‍:നടന്‍ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി. വിവാഹചിത്രങ്ങൾ സാമൂഹികമാധ്യമത്തിലൂടെ ഗോവിന്ദ് പത്മസൂര്യ പങ്കുവെച്ചിട്ടുമുണ്ട്. ശ്രീ വടക്കുംനാഥന്റെ സന്നിധിയിൽ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
കേരളീയത്തനിമയിൽ അണിഞ്ഞൊരുങ്ങിയാണ് ഇരുവരും ചടങ്ങിനെത്തിയത്. കസവുസാരി ധരിച്ച് പരമ്പരാഗതശൈലിയിലുള്ള ആഭരണങ്ങളണിഞ്ഞ് ഗോപിക എത്തിയപ്പോൾ കസവുമുണ്ടും മേൽമുണ്ടും ധരിച്ച് ജി.പി.യും എത്തി. തുളസീമാലകൾ അണിഞ്ഞുള്ള ചിത്രങ്ങളിൽ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണാം.
കഴിഞ്ഞ മാസമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. വിവാഹനിശ്ചയശേഷം ഇരുവരും ആരാധകരുമായി വിശേഷങ്ങൾ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിരുന്നു.
‘ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇത് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു.
നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേർത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊർജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ സസ്നേഹം, ഗോവിന്ദ് പത്മസൂര്യ, ഗോപിക അനിൽ’- എന്നാണ് ഗോവിന്ദ് പത്മസൂര്യ ഫെയ്സ്ബുക്കിൽ കുറിച്ചത്.
രണ്ടുപേരുടേയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം നടന്നത്. ടെലിവിഷൻ പ്രോഗ്രാമിലെ അവതാരകനായി ജനപ്രിയനായ ഗോവിന്ദ് പത്മസൂര്യ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രേതം, 32-ാം അധ്യായം 23-ാം വാക്യം, നീരജ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. സാന്ത്വനം എന്ന സീരിയലിലൂടെ ജനപ്രിയയാണ് ഗോപിക അനിൽ.