KeralaNews

കേരളത്തിന്റെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തില്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകുമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍; ടീം കേരളയുടെ ഒപ്പം ഗവര്‍ണറുള്ളത് ആവേശമെന്ന് മുഖ്യമന്ത്രിയും

ന്യൂഡല്‍ഹി: രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യം എന്ന മുദ്രാവാക്യത്തോടെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായി ഒറ്റക്കെട്ടായി കേരളത്തിലെ എംപിമാര്‍ മുന്നോട്ടുപോകണമെന്ന് കേരളാ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കേരളത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് താനും ബോധവാനാണ്. ഈ പ്രശ്‌നങ്ങളും ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നില്‍ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്ക് ഒപ്പം താനും ഉണ്ടാകുമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കി.

ടീം കേരളയോടൊപ്പം കേരള ഗവര്‍ണറും ഉണ്ട് എന്നത് ആഹ്ലാദകരവും ആവേശകരമാണെന്നും ഇത് ഒരു പുതിയ തുടക്കമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ വികാരത്തോടെ മുന്നോട്ടു പോകാന്‍ നമുക്ക് ആവട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് നേടിയെടുക്കുന്നതിനും സംസ്ഥാനത്തിന്റെ പ്രതിസന്ധികളെയും ആവശ്യങ്ങളെയും വിശദമായി മനസിലാക്കുന്നതിനുമായി കേരളത്തിലെ എംപിമാരുമായി ന്യൂഡല്‍ഹി കേരളഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഗവര്‍ണറും മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയത്.

പ്രശ്നങ്ങളെ രാഷ്ട്രീയവത്ക്കരിക്കാതെ എല്ലാവരും ഒന്നിച്ചുനിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഗവര്‍ണര്‍ യോഗം വിളിച്ചത്. ഗവര്‍ണറുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു യോഗം വിളിക്കുന്നത് ആദ്യമാണ്. കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അത്താഴ വിരുന്നും ഗവര്‍ണര്‍ ഒരുക്കിയിരുന്നു.

കേരളത്തില്‍ നിന്നുള്ള ലോക്സഭാ അംഗങ്ങളായ രാജ്മോഹന്‍ ഉണ്ണിത്താന്‍, ഷാഫി പറമ്പില്‍, എം.കെ രാഘവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, വി.കെ ശ്രീകണ്ഠന്‍, കെ.രാധാകൃഷ്ണന്‍, ഹൈബി ഈഡന്‍, കെ.സി വേണുഗോപാല്‍, ആന്റോ ആന്റണി, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, എന്‍.കെ പ്രേമചന്ദ്രന്‍, ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹനാന്‍, രാജ്യസഭാംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, എ.എ റഹിം, ജോസ് കെ.മാണി, ഹാരീസ് ബീരാന്‍, പി.പി സുനീര്‍, പി.വി അബ്ദുള്‍ വഹാബ്, പി.ടി ഉഷ,ഡോ.വി.ശിവദാസന്‍, ജെബി മേത്തര്‍, പി.സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ന്യൂഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസ് പ്രത്യേക ക്ഷണിതാവായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker