KeralaNews

ചോദ്യപേപ്പർ ആവർത്തനം സർവ്വകലാശാലയുടെ കഴിവുകേട് ,ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഗവർണർ

ന്യൂഡൽഹി: കണ്ണൂർ സർവ്വകലാശാലയിലെ (Kannur University) ചോദ്യപേപ്പർ ആവർത്തിച്ചതില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Arif Mohammad Khan). ചോദ്യം ആവർത്തിച്ചത് കഴിവുകേടാണ്. ആരെങ്കിലും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാവു. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ നിലവാരം ഉയർന്നതാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ രംഗം തകർച്ചയിലാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കണ്ണൂർ, കേരളാ സർവകലാശാലകളിലെ ചോദ്യപേപ്പർ തയാറാക്കുന്നതിലെ വീഴ്ച്ചയുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് ഗവർണർക്ക് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ നിവേദനം നല്‍കിയിരുന്നു.

മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളിലുള്ള ചോദ്യങ്ങൾ തന്നെ അതേപടി ഈ വർഷവും ചോദ്യപേപ്പറുകളിൽ ഉപയോഗിച്ചത് പുറത്ത് വന്നതോടെയാണ് നിവേദനം നൽകിയത്. കണ്ണൂർ സർവ്വകലാശാല സൈക്കോളജി മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ മുൻ വർഷത്തെ ചോദ്യങ്ങൾ തന്നെ ഈ വർഷവും നൽകിയിരുന്നു. ഇതേ കാരണത്താൽ കേരള സർവകലാശാല ബിഎ ഇംഗ്ലീഷ് അവസാന സെമസ്റ്റർ പരീക്ഷയുടെ ഏപ്രിൽ ആറിന് നടത്തിയ പരീക്ഷ റദ്ദാക്കി ഇന്നലെ വീണ്ടും നടത്തി. രണ്ട് സർവകലാശാലകളിലും മുൻ വർഷത്തെ ചോദ്യങ്ങൾ ആവർത്തിച്ചതായി സർവകലാശാലയ്ക്ക് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് വിസി മാർ പരീക്ഷകൾ റദ്ദാക്കിയത്.

സർവ്വകലാശാല പഠന ബോർഡ് ചെയർമാന്മാർ നൽകുന്ന പാനലിൽ നിന്നാണ് പരീക്ഷാ കൺട്രോളർ ചോദ്യപേപ്പർ തയ്യാറാക്കാൻ ഒരു അധ്യാപകനെ നിയമിക്കുന്നത്. ചോദ്യകർത്താവ് തയ്യാറാക്കുന്ന മൂന്ന് സെറ്റ് ചോദ്യ പേപ്പർ, ബോർഡ് ഓഫ് സ്റ്റഡീസ് (പഠന ബോർഡ്) ചെയർമാനും അംഗങ്ങളും പരിശോധിച്ച് വീഴ്ചകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം അതിൽ ഒരു ചോദ്യപേപ്പർ ആണ് പരീക്ഷ കൺട്രോളർ പരീക്ഷ ആവശ്യത്തിന് ഉപയോഗിക്കുന്നത്. മുൻവർഷത്തെ ചോദ്യപേപ്പർ പകർത്തിയെഴുതിയ ചോദ്യകർത്താവും, അത് പരിശോധിച്ച പഠന ബോർഡിൻറെ ചെയർമാനും ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചവരുത്തിയതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ ആരോപിക്കുന്നു. ഇത് വിദ്യാർത്ഥികൾക്ക് മാനസിക സംഘർഷത്തിനും സർവകലാശാലയ്ക്ക് അധിക ചെലവിനും കാരണമാവുന്നുണ്ടെന്ന് നിവേദനം ചൂണ്ടിക്കാട്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker