തന്റെ സ്വകാര്യചിത്രങ്ങള്‍ ചോര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി ലെബനീസ് മാധ്യമപ്രവര്‍ത്തക
ന്യൂഡല്‍ഹി: ഇസ്രയേല്‍ ചാര സോഫ്റ്റ് വെയര്‍ ആയ പെഗാസസ് ഉപയോഗിച്ച് രാജ്യങ്ങള്‍ സ്വകാര്യവിവരങ്ങള്‍ ഉള്‍പ്പടെ ചോര്‍ത്തുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. ഭരണകൂടങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരും ജഡ്ജിമാരും പ്രതിപക്ഷാംഗങ്ങളുമെല്ലാം ഇത്തരത്തില്‍ സര്‍ക്കാരുകളുടെ ചൂഷണങ്ങള്‍ക്കിരയായിട്ടുണ്ട്.
ഇപ്പോഴിതാ ലബനീസ് സ്വദേശിയും അല്‍ ജസീറ ചാനലിലെ മാധ്യമപ്രവര്‍ത്തകയുമായ ഗാദ ഉവൈസിന്റെ സ്വകാര്യചിത്രങ്ങള്‍ ചോര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്ന വാര്‍ത്തയാണെത്തിയിരിക്കുന്നത്. ഞാനും പെഗാസസിന്റെ ഇരയാണ് എന്നാണ് കഴിഞ്ഞ ദിവസം ഗാദ ട്വിറ്ററില്‍ കുറിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന സംഭവത്തില്‍ നിയമപോരാട്ടത്തിലാണ് ഗാദ ഉവൈസ്. ഫോറന്‍സിക് പരിശോധനയില്‍ ഫോണില്‍ പെഗാസസ് സാന്നിധ്യം കണ്ടെത്തിയിരുന്നു.
ബിക്കിനി ധരിച്ച് നില്‍ക്കുന്ന ഗാദയുടെ ചിത്രം ബോസിന്റെ വീട്ടില്‍ വച്ചെടുത്തത് എന്ന രീതിയിലാണ് പ്രചരിപ്പിക്കപ്പെട്ടത്. ഇതേത്തുടര്‍ന്ന് അപമാനിക്കുന്ന തരത്തിലുള്ള ആയിരക്കണക്കിന് ട്വീറ്റുകളും മെസ്സേജുകളുമാണ് വന്നതെന്ന് അമേരിക്കന്‍ മാധ്യമമായ എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഗാദ പറഞ്ഞു. ട്വീറ്റുകളില്‍ മിക്കതും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പിന്തുണയ്ക്കുന്നവരുടെ അക്കൗണ്ടുകളില്‍ നിന്നായിരുന്നു.
ഗാദയുടെ സുഹൃത്തും സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനും കോളമിസ്റ്റുമായിരുന്ന ജമാല്‍ ഖഷോഗി ഇസ്താംബൂളില്‍ കൊല്ലപ്പെട്ടത് മുഹമ്മദ് ബിന്‍ സല്‍മാന്റെ അറിവോടെയെന്നാണ് യുഎസ് റിപ്പോര്‍ട്ട് ചെയ്തത്. ഖഷോഗിയെ നിരീക്ഷിക്കാന്‍ പെഗാസസ് ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
”മുമ്പ് പല തവണ ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കിരയായിട്ടുണ്ടെങ്കിലും സ്വന്തം വീട്ടില്‍, കിടപ്പുമുറിയില്‍, ബാത്ത്റൂമില്‍ മറ്റാരോ കയറിയത് പോലെയാണ് അനുഭവപ്പെട്ടത്. ഇതേത്തുടര്‍ന്ന് അനുഭവിച്ച മാനസികസംഘര്‍ഷം ഏറെ വലുതായിരുന്നു.” അഭിമുഖത്തില്‍ ഗാദ പറഞ്ഞു. സ്വകാര്യത എന്നത് ഏതൊരു വ്യക്തിയുടെ അവകാശമാണെന്നും ഫോണ്‍ ഉപയോഗിക്കുന്നു എന്ന കാരണത്താല്‍ ആരും അപമാനിക്കപ്പെടേണ്ടി വരരുതെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.