37.2 C
Kottayam
Saturday, April 27, 2024

കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കില്ല, ട്യൂഷന്‍ സെന്ററുകള്‍ക്കും വിലക്ക് ബാധകം, ഞായറാഴ്ച കടകള്‍ വേണ്ട; നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ആള്‍ക്കൂട്ടമുണ്ടാകുന്ന മത, രാഷ്ട്രീയ, സാംസ്‌കാരിക പരിപാടികള്‍ നിരോധിക്കും. പൊതുസ്ഥലങ്ങളില്‍ അഞ്ചുപേര്‍ ഒരുമിച്ചു കൂടുകയാണെങ്കില്‍ 144 പ്രകാരം കേസെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.

രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവു വരുത്തുന്നതിനിടെയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 7000 ന് മുകളിലാണ് കൊവിഡ് സ്ഥിരീകരിക്കപ്പെടുന്നത്. ബുധനാഴ്ച ഇത് 8800 കടന്നു. ഈ സാഹചര്യത്തില്‍ ഇനി ഇളവുകള്‍ അനുവദിക്കേണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

പൊതുസ്ഥലങ്ങളില്‍ അഞ്ചുപേര്‍ ഒരുമിച്ചു കൂടിയാല്‍ ജില്ലാ മജിസ്ട്രേറ്റാകും കേസെടുക്കുക. എല്ലാ ജില്ലകളിലും ഈ നിയന്ത്രണം കൊണ്ടുവരാനാണ് ശ്രമം. ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നതു വീണ്ടും നിരോധിച്ചേക്കും. പാഴ്സല്‍ മാത്രമേ നല്‍കൂ. ഹോട്ടലുകള്‍ രാത്രി ഒന്‍പതിന് അടക്കണം. സിനിമാ തിയേറ്റര്‍, മള്‍ട്ടിപ്ലക്സ്,മാളുകള്‍, ജിം, സ്വിമ്മിങ് പൂളുകള്‍ എന്നിവ തുറക്കാന്‍ പാടില്ല.

സ്‌കൂളുകളും കോളജുകളും ട്യൂഷന്‍ സെന്ററുകളും അടച്ചിടണം. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ഹാജര്‍ നില മതി. പൊതുഗതാഗത സംവിധാനം 50 ശതമാനം യാത്രക്കാരുമായി മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂയെന്നും സര്‍ക്കാര്‍ വ്യക്തമാക്കാനാണു സാധ്യത.

കടകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ. ചാല, ബ്രോഡ്വേ പോലുള്ള തിരക്കേറിയ മാര്‍ക്കറ്റുകള്‍ രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുമണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. ഞായറാഴ്ച തുറക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ ഉത്തരവിട്ടേക്കുമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week