ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി; പരിശീലനം നല്‍കില്ലെന്ന് ഐ.എം.എ
ന്യൂഡല്‍ഹി: ജനറല്‍ സര്‍ജറി ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ നിര്‍വഹിക്കുന്നതിന് സ്‌പെഷലൈസ്ഡ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് കേന്ദ്ര അനുമതി. ശാസ്ത്രക്രിയയില്‍ പ്രായോഗിക പരിശീലനം നേടിയ ശേഷം 34 തരം സര്‍ജറികള്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് നടത്താമെന്നാണ് ഉത്തരവില്‍ പറയുന്നത്. ശസ്ത്രക്രിയക്ക് സമാനമായ 19 ചികിത്സയ്ക്കും അനുമതിയുണ്ട്.
ശല്യതന്ത്ര (ജനറല്‍ സര്‍ജറി), ശാലാക്യതന്ത്ര (ഇഎന്‍ടി, ദന്തചികിത്സ) ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പ്രായോഗിക പരിശീലനം നേടി ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളും നടത്താം. ശല്യതന്ത്രയില്‍ പൈല്‍സ്, മൂത്രക്കല്ല്, ഹെര്‍ണിയ, വെരിക്കോസ് വെയിന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട 34 ശസ്ത്രക്രിയകള്‍ക്കാണ് അനുമതി. ശാലാക്യതന്ത്രയില്‍ തിമിര ശസ്ത്രക്രിയ, പല്ലിലെ റൂട്ട് കനാല്‍ തെറപ്പി തുടങ്ങി 15 ചികിത്സകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശല്യതന്ത്ര, ശാലാക്യതന്ത്ര എന്നിവയില്‍ പിജി ചെയ്യുന്ന ആയുര്‍വേദ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ തിയറി പഠിക്കുന്നുണ്ടെങ്കിലും പരിശീലനം ഉണ്ടാകാറില്ല. ഇതില്‍ മാറ്റം വരുത്തും.
അതേസമയം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ എതിര്‍പ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തി. ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് പരിശീലനം നല്‍കില്ലെന്നും ആധുനിക വൈദ്യത്തെ പാരമ്പര്യരീതിയുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ഐഎംഎ പ്രതികരിച്ചു.