ന്യൂഡല്‍ഹി: മൂന്ന് വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാരിന് പെട്രോള്‍,ഡീസല്‍ നികുതിയിനത്തില്‍ ലഭിച്ചത് എട്ട് ലക്ഷം കോടി രൂപ. ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ അറിയിച്ച കണക്ക് പ്രകാരം ഇതില്‍ 3.71 ലക്ഷം കോടി രൂപയും ലഭിച്ചിരിക്കുന്നത് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് (2020-21).
റിപ്പോര്‍ട്ട് അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെ എക്സൈസ് തീരുവ 2018 ഒക്ടോബറില്‍ ലിറ്ററിന് 19.48 രൂപയില്‍ നിന്ന് 27.90 രൂപയാക്കി വര്‍ധിപ്പിച്ചു. ഡീസലിന്റേത് 15.33 രൂപയില്‍ നിന്ന് 21.80 രൂപയാക്കി കൂട്ടി. ഈ വര്‍ഷം ഫെബ്രുവരി രണ്ട് വരെ എക്സൈസ് ഡ്യൂട്ടിയില്‍ പല തവണ വര്‍ധന വരുത്തി.
ഈ ഫെബ്രുവരിയില്‍ പെട്രോള്‍ ലിറ്ററിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമായി തീരുവ. എന്നാല്‍ പെട്രോള്‍, ഡീസല്‍ വില 100 കടന്നതോടെ കഴിഞ്ഞ ദീപാവലി തലേന്ന് സര്‍ക്കാര്‍ പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും നികുതി കുറച്ചു.
ഇതോടെ പെട്രോള്‍ ലിറ്ററിന് 27.90 രൂപയും ഡീസലിന് 21.80 രൂപയുമായി തീരുവ കുറഞ്ഞു. കേന്ദ്രത്തിന്റെ മാതൃകയില്‍ പല സംസ്ഥാനങ്ങളും വാറ്റ് നികുതി കുറച്ചെങ്കിലും കേരളം കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല. കേന്ദ്ര എക്സൈസ് തീരുവയും സെസ്സും അടക്കം കേന്ദ്രത്തിലേക്ക് ഓരോ വര്‍ഷവുമെത്തിയ തുക 2018-19ല്‍ 2,10,282 കോടി, 2019-20ല്‍ 2,19,750 കോടി, 2020-21ല്‍ 3,71,908 കോടി എന്നിങ്ങനെയാണ്.