സർക്കാരിനെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ല:സുപ്രീംകോടതി
ന്യൂഡൽഹി:സർക്കാരിന്റെയോ അതിന്റെ ഭാഗമായിട്ടുള്ളവരുടെയോ നടപടികളെ വിമർശിക്കാൻ പൗരൻമാർക്ക് അവകാശമുണ്ടെന്ന് ആവർത്തിച്ച് സുപ്രീംകോടതി. കലാപത്തിന് ആഹ്വാനം ചെയ്യുന്നതോ ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ ഉദ്ദേശിക്കുന്നതോ ആയ പ്രവൃത്തിമാത്രമേ രാജ്യദ്രോഹക്കുറ്റമാകൂ. ഇക്കാര്യം വ്യക്തമാക്കുന്ന കേദാർനാഥ് സിങ് കേസിലെ വിധിയിൽ പറയുന്ന സംരക്ഷണം മാധ്യമപ്രവർത്തകർക്കുമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്ക്കെതിരേ ഹിമാചൽപ്രദേശ് പോലീസ് രജിസ്റ്റർചെയ്ത രാജ്യദ്രോഹക്കുറ്റം റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞവർഷം കേന്ദ്രസർക്കാർ നടപ്പാക്കിയ കോവിഡ് ലോക്ഡൗണിനെ വിമർശിച്ചുകൊണ്ട് തന്റെ യുട്യൂബ് പരിപാടിയിലൂടെ (വിനോദ് ദുവ ഷോ) നടത്തിയ പരാമർശമാണ് കേസെടുക്കാൻ കാരണം.
വിദഗ്ധ സമിതിയുടെ അനുമതി വാങ്ങിയ ശേഷമോ പത്തു വർഷത്തിലേറെ അനുഭവപരിചയമുള്ള മാധ്യമപ്രവർത്തകർക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാവൂവെന്ന വിനോദ് ദുവയുടെ ആവശ്യം സുപ്രീംകോടതി തള്ളി. സുപ്രീംകോടതി അങ്ങനെയൊരു കമ്മിറ്റിയെ വെക്കുന്നത് നിയമനിർമാണസഭകളുടെ അധികാരത്തിലേക്ക് നേരിട്ടുള്ള കടന്നുകയറ്റമാകുമെന്ന് രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
ഡൽഹി കലാപവുമായി ബന്ധപ്പെട്ടുള്ള ദുവയുടെ പരാമർശങ്ങൾക്കെതിരേ ഡൽഹിയിലും ഹിമാചലിലും കേസുണ്ടായിരുന്നു. എന്നാൽ, ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത കേസ് കഴിഞ്ഞ ജൂൺ പത്തിന് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
പരാതിക്ക് കാരണമായ പരാമർശങ്ങൾ:
2020 മാർച്ച് 30-ന് യുട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയാണ് പരാതിക്കിടയാക്കിയത്
അതിൽ പറയുന്നത്
* വോട്ടുലഭിക്കാൻ നരേന്ദ്ര മോദി മരണത്തെയും ഭീകരാക്രമണത്തെയും ഉപയോഗിച്ചു.
* കോവിഡ് പരിശോധനയ്ക്ക് രാജ്യത്ത് ആവശ്യത്തിന് സംവിധാനങ്ങളില്ല.
* പി.പി.ഇ. കിറ്റുകളുടെ ലഭ്യതയെക്കുറിച്ച് വിവരങ്ങളില്ല.
* 2020 മാർച്ച് 24 വരെയും ഇന്ത്യ വെന്റിലേറ്ററുകളും സാനിറ്റൈസറുകളും കയറ്റുമതി ചെയ്തു.
ഹിമാചൽ പോലീസിന്റെ ആരോപണം:
* പ്രധാനമന്ത്രി വോട്ടു ലഭിക്കാൻ ഭീകരവാദത്തെ ഉപയോഗിച്ചുവെന്ന് വിനോദ് ദുവ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു. പ്രധാനമന്ത്രിക്കും സർക്കാരിനുമെതിരേ കലാപത്തിന് ആഹ്വാനം ചെയ്യുന്ന പ്രസ്താവനയാണിത്.
* സർക്കാരിന് ആവശ്യത്തിന് കോവിഡ് പരിശോധനാ സംവിധാനങ്ങളില്ലെന്ന പ്രചാരണം ജനങ്ങളെ പരിഭ്രാന്തരാക്കുന്നതാണ്.
* ലോക്ഡൗണിൽ ജനങ്ങളെ വീട്ടിലിരിക്കാൻ പ്രേരിപ്പിക്കുന്നതിന് പകരം അതുകൊണ്ട് കാര്യമില്ലെന്ന് പ്രചരിപ്പിച്ചു. ജനങ്ങൾ പുറത്തിറങ്ങാനും അവശ്യവസ്തുക്കൾ പൂഴ്ത്തിവെക്കാനും ഇത് കാരണമായി.
സുപ്രീംകോടതി പറഞ്ഞത്
* രാജ്യദ്രോഹക്കുറ്റം (ഐ.പി.സി. 124-എ) ചുമത്താൻ ക്രമസമാധാന പ്രശ്‌നമുണ്ടാക്കാനുള്ള ലക്ഷ്യമോ കലാപത്തിന് ആഹ്വാനമോ വേണം. ദുവയുടെ പരാമർശങ്ങൾക്ക് അത്തരം ലക്ഷ്യങ്ങളില്ല.
* സർക്കാർ നടപടികളിലെ പോരായ്മകൾ പുറത്തുകൊണ്ടുവരാനും ഉടനടി കാര്യക്ഷമമായ പരിഹാരം കൊണ്ടുവരാനും ഉദ്ദേശിച്ചാണ് ദുവയുടെ പരാമർശങ്ങൾ. അനുവദനീയമായ പരിധിക്കുള്ളിൽ നിന്നുമാത്രമേ ദുവ സംസാരിച്ചിട്ടുള്ളൂ.