KeralaNews

തൊടുപുഴയിലെ കുട്ടിക്കർഷകരെ ആശ്വസിപ്പിക്കാൻ മന്ത്രിമാരെത്തി; 5 പശുക്കളെ നൽകും, ഒരുമാസം കാലിത്തീറ്റ സൗജന്യം

ഇടുക്കി: ഇടുക്കിയിൽ കുട്ടിക്കർഷകരായ കിഴക്കേപ്പറമ്പിൽ മാത്യുവിന്റേയും ജോർജിന്റേയും കറവപ്പശുക്കൾ അടക്കം പതിമൂന്ന് കന്നുകാലികൾ വിഷബാധയേറ്റ് ചത്ത സംഭവത്തിൽ, ആശ്വാസവുമായി മന്ത്രിമാരായ ജെ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും. മാത്യുവിന്റേയും ജോർജിന്റേയും വീട്ടിലെത്തിയ മന്ത്രിമാർ, അഞ്ച് പശുക്കളെ ഇവർക്ക് നൽകുമെന്ന് അറിയിച്ചു.

കുട്ടിക്കർഷകർക്ക് എല്ലാ സഹായവും മന്ത്രി ചിഞ്ചുറാണി ഉറപ്പുനൽകി. ഒരാഴ്ചക്കുള്ളിൽ തന്നെ ഇൻഷുർ ചെയ്ത അഞ്ച് പശുക്കളെ കുട്ടിക്കർഷകർക്ക് നൽകുമെന്ന് പറഞ്ഞമന്ത്രി, മൂന്ന് പശുക്കൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് 15000 വീതമുള്ള ധനസഹായം, കേരള ഫീഡ്സിന്റെ ഒരുമാസത്തെ കാലിത്തീറ്റ, കൂടാതെ മിൽമയുടെ ഭാഗത്ത് നിന്നും സഹായമുണ്ടാകുമെന്നും അറിയിച്ചു. തുടർന്നും കൃഷി മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാവിധ പിന്തുണയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് മന്ത്രി മാത്യുവിനും കുടുംബത്തിനും ഉറപ്പുനൽകി.

ബ്ലോക്ക്, പഞ്ചായത്ത്, ജില്ലാ തലങ്ങളിൽ ഏകോപിപ്പിച്ചു കൊണ്ടുള്ള ഒരു സഹായപദ്ധതി മാത്യുവിന് നൽകുമെന്നും മന്ത്രി പറഞ്ഞു. കൃഷി വിപുലീകരിക്കുന്നതിനു വേണ്ട നിർദേശങ്ങളും മന്ത്രി മാത്യുവുമായി പങ്കുവെച്ചു.

ഞായറാഴ്ച വൈകീട്ട് തീറ്റയായി നൽകിയ കപ്പത്തൊലിയിൽ നിന്ന്‌ വിഷബാധയേറ്റാണ് പശുക്കളെല്ലാം ചത്തതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തൽ. ചത്ത കന്നുകാലികളെ ഫാമിന് സമീപമെടുത്ത ഒറ്റ കുഴയിൽ സംസ്കരിച്ചു. പശുക്കളെ ഇൻഷുർ ചെയ്തിരുന്നില്ല. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button