സ്‌കൂള്‍ കാലത്ത് ജാതി അധിക്ഷേപവും, സ്ലട്ട് ഷെയിമിംഗും നേരിടേണ്ടി വന്നിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഗൗരി കൃഷ്ണന്‍
സ്‌കൂള്‍ കാലത്ത് അനുഭവിച്ച അധിക്ഷേപവും കടന്നുപോയ ദുരനുഭവങ്ങളും തുറന്ന് പറയുകയാണ് ട്വിറ്ററാറ്റികള്‍. പി.എസ്.ബി.ബി (പത്മ ശേഷാദ്രി ബാല ഭവന്‍) സ്‌കൂളില്‍ ലൈംഗിക അതിക്രമത്തെ തുടര്‍ന്ന് അധ്യാപകനെ അറസ്റ്റ് ചെയ്ത വാര്‍ത്തയുടെ ചുവടുപിടിച്ചാണ് പ്രമുഖരടക്കം നിരവധി പേര്‍ തങ്ങളനുഭവിച്ച ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്.
ചെന്നൈ അഡ്യാറിലെ ഹിന്ദു സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നടി ഗൗരി കൃഷ്ണന്‍ പഠിച്ചത്. ജാതിയുടെ പേരില്‍ നിരന്തരം അധിക്ഷേപങ്ങള്‍ക്ക് താന്‍ ഇരയാകുമായിരുന്നുവെന്ന് ഗൗരി കൃഷ്ണ ട്വിറ്ററിലൂടെ തുറന്ന് പറഞ്ഞു. ബോഡി ഷെയ്മിംഗും, സ്ലട്ട് ഷെയ്മിംഗും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും ഗൗരി കൃഷ്ണന്‍ പറയുന്നു.
അതുകൊണ്ട് തന്നെ സ്‌കൂള്‍ കാലത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ നൊസ്റ്റാള്‍ജിയയ്ക്ക് ഉപരി ട്രോമയാണ് ഓര്‍മവരുന്നതെന്നും ഗൗരി പങ്കുവച്ചു. എച്ച്എസ്എസ് വിദ്യാര്‍ത്ഥികളായിരുന്ന പലരും തന്റെ സമാന അനുഭവത്തിലൂടെയാണ് കടന്നുപോയിരുന്നതെന്നും ഗൗരി കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ സ്‌കൂള്‍കാല ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് എല്ലാവരും രംഗത്ത് വരണമെന്നും ഗൗരി അഭ്യര്‍ത്ഥിച്ചു.