FeaturedHome-bannerKeralaNews

ഒടുവിൽ പൊളിച്ചു; കല്ലറയ്ക്കുള്ളിൽ ഇരിക്കുന്നനിലയിൽ ഗോപൻസ്വാമിയുടെ മൃതദേഹം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ ‘സമാധി’യിടം തുറന്നു. വിവാദകല്ലറയ്ക്കുള്ളിൽ ഗോപൻസ്വാമിയുടെ മൃതദേഹം കണ്ടെത്തി. കല്ലറയ്ക്കുള്ളിൽ ഇരിക്കുന്നനിലയിലാണ് ഗോപൻസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലറയിൽ ഭസ്മവും പൂജാദ്രവ്യങ്ങളുമുണ്ട്. കല്ലറയ്ക്കുള്ളിൽ മൃതദേഹത്തിൻ്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു.

കഴിഞ്ഞദിവസം ഹൈക്കോടതിയില്‍നിന്ന് നിര്‍ദേശം ലഭിച്ചതിന് പിന്നാലെ വ്യാഴാഴ്ച രാവിലെ തന്നെ സമാധിയിടം തുറക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. പ്രദേശത്ത് പോലീസിന്റെ കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ സമാധിയിടം നിലനില്‍ക്കുന്നസ്ഥലം പോലീസ് കാവലിലാണ്. ഇവിടേക്ക് പോലീസിനും ഉദ്യോഗസ്ഥര്‍ക്കും മാത്രമേ പ്രവേശനമുള്ളൂ. സമാധിയിടം മറച്ചിട്ടുമുണ്ട്. രാവിലെ ഏഴുമണിയോടെ സബ് കളക്ടര്‍ ആല്‍ഫ്രഡ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ആളുകള്‍ സ്ഥലത്ത് വരുന്നതിനും പോലീസ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുത്താല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. ഇതിനുപിന്നാലെ പോസ്റ്റ്‌മോര്‍ട്ടവും നടക്കും. സമാധിയിടം പൊളിക്കുന്നതിനെതിരേ കുടുംബം നല്‍കിയ റിട്ട് ഹര്‍ജിയില്‍ ബുധനാഴ്ച ഹൈക്കോടതിയില്‍നിന്ന് അനുകൂല നിലപാടുണ്ടായിരുന്നില്ല.

കഴിഞ്ഞ വ്യാഴാഴ്ചയാണ്, അതിയന്നൂര്‍ കാവുവിളാകത്ത് സിദ്ധന്‍ ഭവനില്‍ ഗോപന്‍ സ്വാമി എന്നു നാട്ടുകാര്‍ വിളിക്കുന്ന മണിയന്‍ സമാധിയായെന്ന് വീട്ടുകാര്‍ പോസ്റ്റര്‍ പതിപ്പിച്ച് നാട്ടുകാരെ അറിയിച്ചത്. വ്യാഴാഴ്ച വലിയതോതില്‍ പ്രതിഷേധമുയരില്ലെന്നാണ് പോലീസ് കരുതുന്നത്. ശക്തമായ പോലീസ് കാവല്‍ കാവുവിളാകത്തുണ്ട്. വീട്ടുകാരെ പോലീസിന്റെ സുരക്ഷാ കസ്റ്റഡിയിലുമാക്കും.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മണിയന്റെ മകന്റെ ഭാര്യയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കൊപ്പം മണിയന്റെ ഭാര്യ സുലോചനയും മകന്‍ രാജസേനനുമുണ്ട്. പോലീസ് ഇവര്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീട്ടിലും കോണ്‍ക്രീറ്റ് അറയ്ക്കു സമീപവും പോലീസ് കാവലുണ്ട്.

പിതാവിനെ മക്കള്‍ സമാധി ഇരുത്തിയെന്നുപറയുന്ന സംഭവത്തില്‍ കല്ലറ തുറന്നുപരിശോധിക്കുന്നതടക്കമുള്ള അന്വേഷണ നടപടികളില്‍ ഇടപെടാതെ ഹൈക്കോടതി. നെയ്യാറ്റിന്‍കര സ്വദേശി ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചനയാണ്, കല്ലറ തുറന്നുപരിശോധിക്കണമെന്ന ആര്‍.ഡി.ഒ.യുടെ ഉത്തരവ് ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സി.എസ്. ഡയസാണ് ഹര്‍ജി പരിഗണിച്ചത്.

മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണം സ്ഥിരീകരിച്ചത് ആരാണെന്നും ചോദിച്ചു. ഹര്‍ജി വീണ്ടും അടുത്തയാഴ്ച പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് കല്ലറ തുറക്കേണ്ടിവരുന്നത്. കല്ലറ തുറക്കാന്‍ പോലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

അച്ഛന്റെ സമാധി പൊളിക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ടില്‍ കോടതി നടപടിയെക്കുറിച്ച് ഒരറിവും ലഭിച്ചിട്ടില്ലെന്ന് മകന്‍ സനകന്‍ വ്യക്തമാക്കി. അതിനിടെ, റിട്ട് പെറ്റീഷന്‍ ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷികളായ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടതെന്ന് വീട്ടുകാരുടെ അഭിഭാഷകനായ രഞ്ജിത് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker