ന്യൂഡല്‍ഹി: ജീവന്‍ രക്ഷിക്കാനുള്ള ആ സുവര്‍ണ സമയത്തിനുള്ളില്‍ റോഡപകടത്തില്‍പ്പെട്ടയാആളെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് ഇനി മുതല്‍ പ്രത്യേക അവാര്‍ഡ് നല്കാന്‍ കേന്ദ്ര റോഡ് ആന്‍ഡ് ഗതാഗത മന്ത്രാലയം. ഇത്തരത്തില്‍ അപകടത്തില്‍ പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നവര്‍ക്ക് 5,000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനായി ‘നല്ല ശമര്യക്കാര്‍’ എന്ന പദ്ധതി ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു.
അപകടത്തിന്റെ നിശ്ചിത സമയത്തിനുള്ളില്‍ അപകടത്തില്‍ പെട്ടയാളെ ആശുപത്രിയിലെത്തിക്കാത്തതു മൂലമാണ് പല ജീവനുകളും നഷ്ടമാകുന്നത്. ഇതിനു പിന്നീടുണ്ടാകുന്ന നിയമകുരുക്കുകളാണ് പലരെയും ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ഇത് തടയിടാനാണ് ഈ പദ്ധതി കൊണ്ടുവന്നത്. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രിന്‍സിപ്പല്‍, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിമാര്‍ക്ക് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അയച്ച കത്തില്‍, 2021 ഒക്ടോബര്‍ 15 മുതല്‍ 2026 മാര്‍ച്ച് 31 വരെ ഈ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് അറിയിച്ചു.
വൈദ്യചികിത്സ നല്‍കാനുള്ള സുവര്‍ണ സമയത്തിനുള്ളില്‍ ആശുപത്രി/ട്രോമ കെയര്‍ സെന്ററിലേക്ക് ഉടനടി എത്തിച്ച് ഒരു ജീവന്‍ രക്ഷിക്കുന്ന നല്ല ശമര്യക്കാരന് അവാര്‍ഡ് നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കി. ഓരോ ക്യാഷ് അവാര്‍ഡിനൊപ്പവും അഭിനന്ദന സര്‍ട്ടിഫിക്കറ്റും ഉണ്ടാകും.
ഓരോ കേസിലും ഈ അവാര്‍ഡിന് പുറമെ, ഏറ്റവും യോഗ്യരായ നല്ല ശമര്യക്കാര്‍ക്ക് 10 ദേശീയ തലത്തിലുള്ള അവാര്‍ഡുകളും (വര്‍ഷം മുഴുവനും അവാര്‍ഡ് ലഭിച്ച എല്ലാവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടും) അവര്‍ക്ക് ഓരോരുത്തര്‍ക്കും 1,00,000 രൂപയും പ്രശസ്തി പത്രവും നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു.