
ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ നടി രന്യ റാവുവിന്റെ വളര്‍ത്തച്ഛനും കര്‍ണാടക പോലീസ് ഹൗസിങ് കോര്‍പ്പറേഷന്‍ ഡിജിപിയുമായ രാമചന്ദ്ര റാവുവിന് നിര്‍ബന്ധിത അവധി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. സ്വര്‍ണക്കടത്തില്‍ രാമചന്ദ്രറാവുവിന്റെ പങ്കിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ച് ഉത്തരവിറങ്ങിയത്.
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഗൗരവ് ഗുപ്തയാണ് കേസില്‍ രാമചന്ദ്രറാവുവിന്റെ പങ്ക് അന്വേഷിക്കുന്നത്. രന്യയുടെ പ്രവൃത്തികളില്‍നിന്ന് അകലം പാലിച്ചിരുന്നതായും സ്വര്‍ണക്കടത്തില്‍ മകളുടെ പങ്കിനെക്കുറിച്ച് അറിയില്ലെന്നും നേരത്തേ രാമചന്ദ്രറാവു രന്യയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നു.
എന്നാല്‍, രാമചന്ദ്ര റാവുവിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമായിരുന്നെന്നാണ് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം പോലീസ് സ്റ്റേഷനിലെ പ്രോട്ടക്കോള്‍ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന കോണ്‍സ്റ്റബിള്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നത്.
മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം രന്യ റാവുവിന്റെ വരവും പോക്കും സുഗമമാക്കുക എന്നതായിരുന്നു തന്റെ കടമയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡിജിപി രാമചന്ദ്രറാവുവിന്റെ പേര് പറഞ്ഞ് ഗ്രീന്‍ ചാനല്‍ വഴി ആയിരുന്നു സുരക്ഷാ പരിശോധന ഇല്ലാതെ വിമാനത്താവളത്തില്‍നിന്ന് രന്യ പുറത്തുകടന്നിരുന്നതെന്ന് ഡിആര്‍ഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
2023 ഒക്ടോബര്‍ മുതല്‍ ഡിജിപിയായി സേവനമനുഷ്ഠിക്കുന്ന രാമചന്ദ്ര റാവു കര്‍ണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. മുമ്പും അദ്ദേഹത്തിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വലിയ തോതില്‍ പണം പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ട് അദ്ദേഹം നടപടി നേരിട്ടിരുന്നു.