തിരുവനന്തപുരം: സ്വപ്നയും സംഘവും സംസ്ഥാനത്തേക്ക് 230 കിലോ സ്വര്‍ണം കടത്തിയതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍, പിടിച്ചെടുത്തത് 30 കിലോ സ്വര്‍ണം മാത്രമാണ്. 200 കിലോ സ്വര്‍ണത്തിനായുള്ള അന്വേഷണം ആരംഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. 23 തവണ ബാഗേജ് പുറത്തെത്തിച്ചത് സരിത്ത് ആണെന്നും അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്.
ഡിപ്ലമാറ്റിക് ബാഗേജ് വഴി 2019 ജൂലൈ മുതലാണ് സ്വര്‍ണക്കടത്ത് ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ഡമ്മി ബാഗ് ഉപയോഗിച്ചാണ് ആദ്യം സ്വര്‍ണം കടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.
എന്നാല്‍, ഫൈസല്‍ ഫരീദിന് മുന്‍പ് ദുബായില്‍ നിന്ന് പല ആളുകളാണ് സ്വര്‍ണം അടങ്ങിയ ബാഗ് കേരളത്തിലേക്ക് അയച്ചുകൊണ്ടിരുന്നത്. 152 കിലോ വരെ ഭാരമുള്ള ബാഗേജുകള്‍ ഇത്തരത്തില്‍ വന്നിരുന്നതായും കണ്ടെത്തി.
ഇതിനിടെ സ്വപ്ന ഒളിവില്‍ പോകുന്നതിന് മുമ്പ് സുഹൃത്തിനെ ഏല്‍പ്പിച്ച ബാഗില്‍ നിന്ന് കസ്റ്റംസ് 15 ലക്ഷം രൂപ കസ്റ്റംസ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. സുഹൃത്തിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിളിച്ചുവരുത്തി ബാഗ് വാങ്ങുകയായിരുന്നു. ഇതില്‍ നിന്നാണ് 15 ലക്ഷം രൂപ കണ്ടെത്തിയത്. പ്രതികളുടെ മറ്റു ആസ്തികളും പരിശോധിച്ചു വരികയാണ്.