തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണി സന്ദീപ് നായരാണെന്ന് കസ്റ്റംസ്. സ്വപ്നയും സരിത്തുമായുള്ള ബന്ധം സന്ദീപ് ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും കേസിലെ ഒന്നാം പ്രതി സന്ദീപായിരിക്കുമെന്നുമാണ് കസ്റ്റംസ് പറയുന്നത്. സ്വപ്ന രണ്ടാം പ്രതിയും സരിത്ത് മൂന്നാം പ്രതിയുമായിരിക്കും.
തിരുവനന്തപുരം സ്വദേശിയായ സന്ദീപ് നായര്‍ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. സ്വപ്നയും സരിത്തുമായി സന്ദീപിന് ബന്ധമുണ്ടായിരുന്നുവെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. സ്വപ്നയുമായുള്ള സുഹൃത്ത് ബന്ധം സന്ദീപിന്റെ അമ്മ ഉഷ സ്ഥിരീകരിച്ചിരുന്നു. 2018, 2019 വര്‍ഷങ്ങളിലെ സര്‍ക്കാര്‍ പരിപാടികള്‍ കസ്റ്റംസ് പരിശോധിക്കും. സ്വര്‍ണക്കടത്തിന് സര്‍ക്കാര്‍ പരിപാടികള്‍ മറയാക്കിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം അന്വേഷിക്കാന്‍ കസ്റ്റംസ് തീരുമാനിച്ചത്.
സ്വര്‍ണക്കടത്ത് കേസ് കസ്റ്റംസിനൊപ്പം എന്‍ഐഎയും അന്വേഷിക്കും. കേസ് എന്‍ഐഎക്ക് വിട്ടുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ ഉത്തരവിറക്കിയിരുന്നു. കേസ് ദേശസുരക്ഷ, സാമ്പത്തിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ടതെന്ന് എന്‍ഐഎ പറഞ്ഞു. അന്താരാഷ്ട്ര ബന്ധമുള്ള റാക്കറ്റുകള്‍ കേസില്‍ ഉണ്ട്. ഭീകരവാദ ബന്ധമടക്കം അന്വേഷണ പരിധിയില്‍ ഉണ്ടെന്നും ആയുധക്കടത്ത് ഉള്‍പ്പെടെ സംശയിക്കാമെന്നും എന്‍ഐഎ വ്യക്തമാക്കി.