തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയത് കോണ്‍സല്‍ ജനറലിന്റെയും അറ്റാഷെയുടെ അറിവോടെയെന്ന് സ്വപ്ന സുരേഷ്. സാധിക്കുമെങ്കില്‍ അറ്റാഷെയെ പിടികൂടാനും സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. ഓരോ തവണ സ്വര്‍ണം കടത്തുമ്പോഴും ഇരുവര്‍ക്കും 1,500 ഡോളര്‍ വീതം നല്‍കുമായിരുന്നു. സ്വര്‍ണക്കടത്ത് പ്രശ്നമായപ്പോള്‍ അറ്റാഷെ കൈയ്യൊഴിഞ്ഞെന്നും സ്വപ്നയുടെ മൊഴിയില്‍ വ്യക്തമാക്കുന്നു.
സ്വര്‍ണക്കടത്ത് തുടങ്ങിയത് കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെയാണ്. കൊവിഡ് തുടങ്ങിയപ്പോള്‍ കോണ്‍സല്‍ ജനറല്‍ നാട്ടിലേക്ക് മടങ്ങി. പിന്നാലെ അറ്റാഷെയെ സ്വര്‍ണക്കടത്തില്‍ പങ്കാളിയാക്കി. 2019 ജൂലൈ മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെ 18 തവണ സ്വര്‍ണം കടത്തിയെന്നും സ്വപ്ന വെളിപ്പെടുത്തിയെന്നും വിവരങ്ങളുണ്ട്.
വൈകാരികമായുള്ള മൊഴി നല്‍കലില്‍ കഴിയുമെങ്കില്‍ അറ്റാഷൈ പിടികൂടാനും സ്വപ്ന അന്വേഷണ സംഘത്തിനോട് പറഞ്ഞു. സ്വര്‍ണം പിടികൂടിയ ദിവസം തിരികെ അടയ്ക്കാന്‍ ആവശ്യപ്പെട്ടത് അറ്റാഷെയായിരുന്നു. അതുകൊണ്ട് തന്നെയാണ് താന്‍ മെയില്‍ അയച്ചപ്പോള്‍ അറ്റാഷെയ്ക്കും കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കും അതിന്റെ കോപ്പികള്‍ വച്ചത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കില്ല. ശിവശങ്കറുമായി തനിക്ക് സൗഹൃദം മാത്രമാണുള്ളതെന്നും കസ്റ്റംസിന് നല്‍കിയ പ്രാഥമിക മൊഴിയില്‍ സ്വപ്ന പറഞ്ഞതായാണ് വാര്‍ത്തകള്‍. എന്നാല്‍, സ്വപ്നയെ കസ്റ്റഡിയില്‍ ലഭിച്ചശേഷം മാത്രമേ മൊഴി രേഖപ്പെടുത്തൂവെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍, മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കരന്‍ അടക്കമുള്ളവര്‍ക്ക് ഇത് അറിയാമായിരുന്നു എന്നാണ് സരിത്ത് മൊഴി നല്‍കിയത്. മൊഴി നല്‍കുന്നതിനും പ്രതികളുടെ ഭാഗത്ത് നിന്ന് കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കരുതുന്നത്.