തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ വിനിയോഗിച്ചത് കള്ളപ്പണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്തിന് 100 കോടിയെങ്കിലും സമാഹരിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം,സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. എന്‍ഫോഴ്സ്മെന്റ് കസ്റ്റഡി അപേക്ഷയിലാണ് നടപടി.
സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റേത് ഗൗരവതരമായ കണ്ടെത്തലുകളാണ്. സ്വര്‍ണ്ണക്കടത്തിന് വിനിയോഗിച്ചത് കള്ളപ്പണമെന്നാണ് ഏജന്‍സിയുടെ വിലയിരുത്തല്‍. ഡിപ്ലൊമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്തിന് 100 കോടിയെങ്കിലും സമാഹരിച്ചിട്ടുണ്ടാകുമെന്നും ഹവാല ശൃംഖല വഴി വിദേശത്തേക്ക് പണം കൈമാറിയെന്നും എന്‍ഫോഴ്സ്മെന്റ് ചൂണ്ടിക്കാട്ടുന്നു.
സ്വപ്ന, സരിത്, സന്ദീപ് എന്നിവര്‍ കൂടാതെ 11 പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വര്‍ണ്ണം വാങ്ങിയവരും പണമിറക്കിയവരും കൂട്ടത്തില്‍ പെടും. പ്രാഥമിക നടപടിയെന്ന നിലയില്‍ പ്രതികളുടെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യാനും ആവശ്യമെങ്കില്‍ സ്വത്ത് വകകള്‍ കണ്ടുകെട്ടാനും നീക്കമുണ്ട്.
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. എന്‍ഫോഴ്സ്മെന്റ് കസ്റ്റഡി അപേക്ഷയിലാണ് നടപടി. ഇതിനിടെ കേസിലെ ഒന്നാം പ്രതി സരിത്തിനെ കൊച്ചി പ്രത്യേക എന്‍ഐഎ കോടതി ഓഗസ്റ്റ് 21 വരെ റിമാന്‍ഡ് ചെയ്തു.