തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നെത്തിയ മൂന്ന് പേരില്‍ നിന്ന് 1.45 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇന്ത്യയിലെ ആദ്യ നയതനന്ത്ര സ്വര്‍ണക്കടത്ത് നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അതേ വിമാനത്താവളത്തില്‍ നിന്ന് തന്നെ വീണ്ടും സ്വര്‍ണം പിടിച്ചെടുക്കുന്നത്.
അതേസമയം, തിരുവനന്തപുരത്തെ നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടേയും കസ്റ്റഡി അപേക്ഷയില്‍ ഇന്ന് തീരുമാനമുണ്ടാകും. പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന് പിന്നാലെ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനാണ് നീക്കം. നിലവില്‍ സ്വപ്ന സുരേഷ് തൃശൂരിലെ കൊവിഡ് കെയര്‍ സെന്ററിലാണ് ഉള്ളത്. സ്വപ്നയോടൊപ്പം മൂന്ന് റിമാന്‍ഡ് പ്രതികളും നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസം രാത്രി പിടിയിലായ സ്വപ്നയെയും സന്ദീപിനെയും കൊണ്ട് ഇന്നലെ പുലര്‍ച്ചെയാണ് അന്വേഷണ സംഘം റോഡ് മാര്‍ഗം കൊച്ചിയിലേക്ക് പുറപ്പെട്ടത്. രണ്ട് വണ്ടികളിലായി പുറപ്പെട്ട സംഘത്തിന് നേരെ വാളയാര്‍, പാലിയേക്കര, ചാലക്കുടി, കൊരട്ടി, എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. പാലിയേക്കരയില്‍ പ്രതിഷേധിക്കാരെ ഒഴിവാക്കാന്‍ എതിര്‍വശത്തേക്കുള്ള ട്രാക്കിലൂടെയാണ് എന്‍ഐഎ വാഹനവ്യൂഹം സഞ്ചരിച്ചത്. വടക്കഞ്ചേരിക്ക് സമീപം സംഘത്തിലെ ഒരു വാഹനത്തിന്റെ ടയര്‍ പഞ്ചറായി. തുടര്‍ന്ന് മറ്റൊരു വാഹനത്തിലാണ് എന്‍ഐഎ ആസ്ഥാനത്ത് എത്തിച്ചത്.
ജൂലൈ 5നാണ് ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയെന്ന വാര്‍ത്ത പുറത്തുവരുന്നത്. സ്വര്‍ണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്സലിലാണ്. സ്റ്റീല്‍ പൈപ്പുകള്‍ക്കുള്ളിലാണ് സ്വര്‍ണം ഉണ്ടായിരുന്നത്. പല ബോക്സുകളിലായി സ്വര്‍ണം എത്തിയത് ദുബായില്‍ നിന്നാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റ് പിആര്‍ഒ സരിത്തിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്ന സുരേഷാണെന്ന വിവരം പുറത്തുവരികയായിരുന്നു.