ആക്രിയെന്ന പേരിൽ കടത്തിയത് 1473 കോടി രൂപയുടെ സ്വർണ്ണം, കൊച്ചി ബ്രോഡ്‌വേയിലെ വ്യാപാരി പിടിയിൽ
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാൾ കൊച്ചിയിൽ അറസ്റ്റിൽ. എറണാകുളം ബ്രോഡ് വെയിലെ വ്യാപാരിയും സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ പെരുമ്പാവൂർ സ്വദേശി നിസാർ അലിയുടെ സുഹൃത്തുമായ വി ഇ സിറാജിനെയാണ് മുംബൈ റവന്യു ഇന്‍റലിജൻസ് പിടികൂടിയത്. ദുബായിൽ നിന്നും ഇരുമ്പ് സ്ക്രാപ്പ് എന്ന പേരിൽ 1473 കോടി രൂപയുടെ സ്വർണ്ണം തുറമുഖങ്ങൾ വഴി ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കേസ്. പ്രധാന കണ്ണികളില്‍ ഒരാളായ സിറാജിനെ എറണാകുളം എളമക്കരയിലെ വീട്ടില്‍ നിന്നാണ് സംഘം അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ മാർച്ചിൽ പെരുമ്പാവൂരിലെ നിസാർ അലിയെ 185 കിലോ സ്വർണ്ണക്കട്ടികളുമായി റവന്യു ഇൻറലിജൻസ് മുംബൈയിൽ പിടികൂടിയതോടെയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വർണ്ണക്കടത്ത് സംഘത്തെക്കുറിച്ച് ഡിആർഐയ്ക്ക് നിർണായക വിവരങ്ങൾ ലഭിച്ചത്. 2017 ജനുവരി മുതല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെ 1473 കോടി വരുന്ന 4522 കിലോ സ്വര്‍ണം പെരുമ്പാവൂര്‍ സ്വദേശികള്‍ ഗള്‍ഫില്‍ നിന്ന് കടത്തിയെന്നാണ് ഡിആര്‍ഐ റിപ്പോർട്ടിൽ പറയുന്നത്. 16 പേര്‍ ഇതിനകം പിടിയിലായിട്ടുണ്ട്. നിസ്സാർ അലിയടക്കം 21 പേരെ പ്രതി ചേർത്താണ് പെരുമ്പാവൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്തിനെക്കുറിച്ചുള്ള മുംബൈ ഡിആർഐ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നത്.