കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയുടെയും പവന് 320 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ പവന്റെ വില 38,240 രൂപയും ഗ്രാമിന്റെ വില 4,780 രൂപയുമായി. ഒരിടവേളയ്ക്കുശേഷം തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വില കുറയുന്നത്.
ഓഗസ്റ്റ് 20 ന് പവന് 560 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ പിന്നീടുള്ള നാല് ദിവസം വിലയില്‍ മാറ്റമുണ്ടായില്ല. ഇന്നലെ പവന് 320 രൂപ കുറഞ്ഞതിനെ തുടര്‍ന്ന് വില 38,560 രൂപയായി താഴ്ന്നിരുന്നു. ഈ മാസത്തിലെ ആദ്യ വാരത്തില്‍ സ്വര്‍ണവില ഗണ്യമായി വര്‍ധിച്ചിരുന്നു. ഓഗസ്റ്റ് ഏഴിന് പവന് 42,000 രൂപ എന്ന നിലയിലേക്ക് ഉയര്‍ന്നതിന് ശേഷം സ്വര്‍ണവിലയില്‍ വലിയ തോതിലുള്ള ചാഞ്ചാട്ടം പ്രകടമായിരുന്നു.
ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതിയിലെ കുറവ് തുടരുകയാണ്. സാമ്പത്തിക മാന്ദ്യം മൂലം കഴിഞ്ഞ വര്‍ഷം നേരിട്ട ഇറക്കുമതി കുറവ് ഈ വര്‍ഷവും തുടരുകയാണ്. ജൂലൈ മാസത്തില്‍ സ്വര്‍ണ ഇറക്കുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. സ്വര്‍ണ ഇറക്കുമതിയില്‍ കുറവ് തുടരുമ്പോഴും സ്വര്‍ണത്തിലെ ഇ ടി എഫ് നിക്ഷേപത്തില്‍ (ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) വന്‍കുതിപ്പാണ് ഇന്ത്യയില്‍ നടന്നിരിക്കുന്നത്. ജൂണ്‍ മാസത്തേക്കാള്‍ 86 ശതമാനം നിക്ഷേപമാണ് ജൂലൈയില്‍ സ്വര്‍ണത്തിലെ ഇ ടി എഫില്‍ വര്‍ധിച്ചത്.