കൊച്ചി: കൈയില്‍ വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കുന്ന ‘ഗോള്‍ഡ് ആംനെസ്റ്റി പദ്ധതി’ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലെന്ന് സൂചന. നികുതി വെട്ടിപ്പ് തടയാന്‍ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് നികുതി വകുപ്പിനു മുന്നില്‍ ഓരോ വ്യക്തിയും വെളിപ്പെടുത്തേണ്ടി വരും. അതനുസരിച്ച് നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണം കൈവശമുള്ളവര്‍ നികുതി അടയ്ക്കേണ്ടതായി വരും.
പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാല്‍ ഇക്കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും പദ്ധതി നടപ്പാക്കാന്‍ ശ്രമങ്ങളുണ്ടായിരുന്നു. 2015ലാണ് മോദി സര്‍ക്കാര്‍ പദ്ധതി ആദ്യം അവതരിപ്പിച്ചത്. മൂന്ന് സംസ്ഥാനങ്ങളുടെ മാത്രം പിന്തുണയോടെയായിരുന്നു ഇത്.
എന്നാല്‍, വിവിധ ഭാഗങ്ങളില്‍നിന്ന് വിമര്‍ശനമുയര്‍ന്നതോടെ ഇത്തരമൊരു നീക്കമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ അറിയിക്കുകയും ചെയ്തിരുന്നു. നിലവില്‍ ഇതു സംബന്ധിച്ച നിര്‍ദേശം പ്രാരംഭഘട്ട പരിഗണനയിലാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് അഭിപ്രായം തേടിയശേഷം പദ്ധതി നടപ്പില്‍ വരുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.