
കൊച്ചി: ചിട്ടിക്ക് എന്ന പേരിൽ ശ്രീ ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് നിയമവിരുദ്ധമായി പ്രവാസികളിൽനിന്നു നേരിട്ട് 593 കോടി രൂപ സമാഹരിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പിന്നീട് ഈ പണം അക്കൗണ്ട് വഴി കൈമാറിയെന്നും വിദേശത്തേക്കു പണമയച്ചെന്നും ഇത് ആര്‍ബിഐ, ഫെമ ചട്ടങ്ങളുടെ ലംഘനമാണെന്നും ഇ.ഡി അധികൃതർ അറിയിച്ചു.
പ്രവാസികള്‍ക്ക് പണമായി തിരികെ നല്‍കിയതും ചട്ടലംഘനമാണ്. കോഴിക്കോട്ടും ചെന്നൈയിലും ഗോകുലത്തിന്റെ ഓഫിസുകളിലും വീടുകളിലുമായി നടത്തിയ പരിശോധനയിൽ ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട രേഖകളും 1.50 കോടി രൂപയും പിടിച്ചെടുത്തതായും ഇഡിയുടെ വാർത്തക്കുറിപ്പിൽ പറയുന്നു.
ഇന്നലെ കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫിസ്, ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സിന്റെ കോർപറേറ്റ് ഓഫിസ്, ഗോകുലം ഗോപാലന്റെ മകനും എംഡിയുമായ ബൈജുവിന്റെ നീലാങ്കരയിലെ വസതി എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ചെന്നൈയിലെ റെയ്ഡ് ഇന്നു പുലർച്ചെയാണ് അവസാനിച്ചത്. ആദ്യം കോഴിക്കോട്ടും പിന്നീട് ചെന്നൈയിലുമാണ് ഗോകുലം ഗോപാലനെ ഏഴര മണിക്കൂറിലേറെ ചോദ്യം ചെയ്തത്.
ഗോകുലം ഗ്രൂപ്പ് വിദേശനാണയവിനിമയച്ചട്ടം (ഫെമ) ലംഘിച്ചെന്നും സിനിമയിലടക്കം നിക്ഷേപിച്ചത് ചട്ടങ്ങള്‍ ലംഘിച്ച് സ്വീകരിച്ച പണമാണെന്നുമുള്ള വിലയിരുത്തലിലായിരുന്നു പരിശോധനകളും ചോദ്യംചെയ്യലും. ഗോകുലം ഗ്രൂപ്പിന്‍റെ മറ്റു സാമ്പത്തിക ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്. ‘എമ്പുരാൻ’ സിനിമയ്ക്കായി നിക്ഷേപിച്ച പണവും ഇതിൽപ്പെടുന്നതാണോ എന്ന അന്വേഷണവും നടക്കുന്നതായി സൂചനയുണ്ട്. അതേസമയം, ‘എമ്പുരാനു’മായി ബന്ധപ്പെട്ട വിവാദങ്ങളുമായി ഇപ്പോഴത്തെ പരിശോധനയ്ക്കു ബന്ധമില്ലെന്നും 2022ൽ കൊച്ചി യൂണിറ്റ് റജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണമെന്നുമാണ് ഇ.ഡി യുടെ നിലപാട്.