മാഞ്ചെസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പുതിയ റെക്കോഡുമായി മാഞ്ചെസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റൈന്‍ യുവതാരം ജൂലിയന്‍ അല്‍വാരസ്. സെമിഫൈനലില്‍ റയല്‍ മഡ്രിഡിനെതിരേ ഗോള്‍ നേടിയതിന് പിന്നാലെയാണ് അല്‍വാരസ് റെക്കോഡ് ബുക്കില്‍ ഇടം പിടിച്ചത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അര്‍ജന്റീനക്കാരനെന്ന നേട്ടമാണ് അല്‍വാരസ് സ്വന്തമാക്കിയത്.
റയല്‍ മഡ്രിഡിനെതിരേ ഇഞ്ചുറി ടൈമിലാണ് പകരക്കാരനായി കളത്തിലിറങ്ങിയ അല്‍വാരസ് വലകുലുക്കിയത്. ഇതോടെയാണ് യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അര്‍ജന്റീനക്കാരനെന്ന മെസ്സിയുടെ റെക്കോര്‍ഡ് അല്‍വാരസ് മറികടന്നത്.
2010-11 ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റയല്‍ മഡ്രിഡിനെതിരേ ഗോള്‍ നേടുമ്പോള്‍ മെസ്സിക്ക് 23 വയസ്സും 10 മാസവും 3 ദിവസവുമായിരുന്നു പ്രായം. 23 വയസ്സും 3 മാസവും 17 ദിവസവുമാണ് വ്യാഴാഴ്ച റയലിനെതിരേ ഗോള്‍ നേടുമ്പോള്‍ അല്‍വാരസിന്റെ പ്രായം.
അല്‍വാരസിന്റേതുള്‍പ്പടെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് സിറ്റി റയലിനെ തകര്‍ത്തെറിഞ്ഞത്. ബെര്‍ണാഡോ സില്‍വ ഇരട്ടഗോള്‍ നേടിയപ്പോള്‍ മാനുവല്‍ അകാന്‍ജിയും ഗോള്‍പട്ടികയില്‍ ഇടം നേടി. ആദ്യപാദ സെമി 1-1 ന് സമനിലയിലായിരുന്നു. ഇരുപാദങ്ങളിലുമായി 5-1 ന്റെ ജയത്തോടെയാണ് സിറ്റി കലാശപ്പോരിന് ടിക്കറ്റെടുത്തത്. ജൂണ്‍ 10-ന് രാത്രി 12.30-ന് നടക്കുന്ന കലാശപ്പോരില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനാണ് സിറ്റിയുടെ എതിരാളികള്‍.