31.7 C
Kottayam
Friday, May 10, 2024

‘നെഞ്ചോട് ചേര്‍ത്ത്’ അമ്മയുടെ ജീവനായി അവള്‍ നെഞ്ചുരുകി കരഞ്ഞു; കാരുണ്യവര്‍ഷമായി എത്തിയത് 89 ലക്ഷം രൂപ

Must read

കണ്ണൂര്‍: അമ്മയുടെ ജീവന്‍ രക്ഷിക്കാനുള്ള ശസ്ത്രക്രിയ നടത്താനാന്‍ സഹായം തേടി പൊട്ടിക്കരഞ്ഞ മകളെ മലയാളികള്‍ കൈവിട്ടില്ല. തളിപ്പറമ്പ് കാക്കത്തോട് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വര്‍ഷയാണ് അമ്മ രാധയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനായി സഹായം അഭ്യര്‍ത്ഥിച്ചത്.

ചാരിറ്റി പ്രവര്‍ത്തകനായ തൃശ്ശൂര്‍ സ്വദേശി സാജന്‍ കേച്ചേരിയും ഫിറോസ് കുന്നുംപറമ്പിലും പകര്‍ത്തിയ വര്‍ഷയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ഒരുപാട് പേരിലേക്ക് അതിവേഗം പ്രചരിച്ചെത്തുകയും ചെയ്തു. ഇതോടെ വെറും 14 മണിക്കൂര്‍ കൊണ്ട് വര്‍ഷയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് എത്തിയത് 50 ലക്ഷം രൂപ. പണം വീണ്ടും വന്നുകൊണ്ടേയിരിക്കുമ്പോള്‍ സാജന്‍ സാമൂഹികമാധ്യമത്തില്‍ വന്നു പറഞ്ഞു. ഇനി പണം അയക്കേണ്ട. ചികിത്സയ്ക്ക് ആവശ്യമായ പണമായി. ബാങ്കുകാരെയും അത് അറിയിച്ചു. അപ്പോഴേക്കും ഒരു മണിക്കൂര്‍കൊണ്ട് വീണ്ടും പത്തുലക്ഷം കൂടിയെത്തി. അല്പം കഴിഞ്ഞപ്പോഴേക്കും 89 ലക്ഷമായി കാരുണ്യവര്‍ഷം. ബാങ്കുകാര്‍ പിന്നീട് അക്കൗണ്ട് ക്ലോസ് ചെയ്തു.

ശസ്ത്രക്രിയയ്ക്ക് പതിനെട്ടരലക്ഷമാണ് ചികിത്സാച്ചെലവ്. അനുബന്ധചികിത്സയും പരിചരണവുമെല്ലാംകൂടി 25 ലക്ഷമെങ്കിലും കണക്കാക്കുന്നു. ബാക്കി തുകയ്ക്ക് വീടില്ലാത്ത വര്‍ഷ ഒരു വീടുവെക്കട്ടെ. ബാക്കിയുണ്ടെങ്കില്‍ അതവള്‍ കഷ്ടതയനുഭവിക്കുന്ന മറ്റാര്‍ക്കെങ്കിലും കൊടുക്കട്ടെയെന്ന് സാജന്‍ പറഞ്ഞു.

അമ്മ ഐസ്‌ക്രീം പാര്‍ലറില്‍ ജോലിയെടുത്തുള്ള തുച്ഛമായ വരുമാനം മാത്രമേ കുടുംബത്തിനുള്ളൂ. മഞ്ഞപ്പിത്തം വന്നു മാറാതിരുന്നപ്പോഴാണ് എറണാകുളം അമൃതയില്‍ ചികിത്സയ്ക്കുപോയത്. അപ്പോഴാണ് കരള്‍ പൂര്‍ണമായും നശിച്ചുവെന്നും മാറ്റിവെച്ചാലേ ജീവന്‍ തിരിച്ചുകിട്ടൂവെന്നും ഡോക്ടര്‍മാര്‍ പറയുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു മകള്‍ വര്‍ഷ.

അച്ഛനെ നേരത്തെ നഷ്ടപ്പെട്ട വര്‍ഷ ഇന്നലെ സുമനസുകളുടെ കാരുണ്യം തേടുകയായിരുന്നു. 10,000 രൂപയുമായി കൊച്ചിയില്‍ ചികിത്സയ്ക്ക് എത്തിയതാണെന്നും ഒരുപാട് പേര്‍ സഹായിച്ചാണ് ഇതുവരെ ഒരുലക്ഷത്തോളം രൂപ അടയ്ക്കാനായതെന്നുമാണ് വര്‍ഷ വീഡിയോയില്‍ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week