കൊച്ചി: കൊവിഡ് ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തിയ പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയതായി പരാതി. എറണാകുളം ഷേണായിസ് റോഡിലെ വനിതാഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയതായാണ് പരാതി. പത്തു മിനിറ്റിനുള്ളില്‍ ഹോസ്റ്റല്‍ വിട്ട് ഇറങ്ങണമെന്ന് വാര്‍ഡന്‍ നിര്‍ദ്ദേശിച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
ഹോം ക്വാറന്റീനില്‍ കഴിഞ്ഞില്ല എന്ന് ആരോപിച്ചായിരുന്നു ഹോസ്റ്റല്‍ അധികൃതരുടെ നടപടി. എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ആണ് പെണ്‍കുട്ടി ജോലി ചെയ്യുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ കഴിയാതെ വന്നതോടെ പെണ്‍കുട്ടി പെയ്ഡ് ക്വാറന്റൈനിലേക്ക് മാറി.
പരിശോധനാഫലം നെഗറ്റീവ് ആയതിനു ശേഷം ഇക്കാര്യം ഹോസ്റ്റല്‍ അധികൃതരെ വിളിച്ച് അറിയിച്ചിരുന്നുവെന്നും മടങ്ങിവരാന്‍ ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞതായും പെണ്‍കുട്ടി പറയുന്നു. എന്നാല്‍, മടങ്ങിയെത്തിയ പെണ്‍കുട്ടിയോട് ഹോം ക്വാറന്റൈനില്‍ കഴിയാത്തതിനാല്‍ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങണം എന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ ആവശ്യപ്പെട്ടു.
പരിശോധനാഫലം നെഗറ്റീവ് ആയത്തിനു ശേഷം ഏഴുദിവസത്തെ ക്വാറന്റൈനും കഴിഞ്ഞാണ് പെണ്‍കുട്ടി ഹോസ്റ്റലില്‍ മടങ്ങിയെത്തിയത്. ഹോസ്റ്റല്‍ അധികൃതര്‍ക്ക് എതിരെ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് എറണാകുളം എസിപി ലാല്‍ജി പറഞ്ഞു.