
മുംബൈ: മഹാരാഷ്ട്രയിലെ നവി മുംബെെ ടൗൺഷിപ്പ് റെയിൽവേ സ്റ്റേഷനിൽ പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുട്ടി ബലാത്സംഗത്തിനിരയായതായി സൂചന ലഭിച്ചെന്ന് പൊലീസ് ബുധനാഴ്ച വെളിപ്പെടുത്തി. വാഷി ഗവൺമെന്റ് റെയിൽവേ പൊലീസ് കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ട്.
കുട്ടിയെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. പേരുൾപ്പെടെയുള്ള വിവരങ്ങൾ കുട്ടി ഇതുവരെ പൊലീസുമായി പങ്കുവെച്ചിട്ടില്ല. തിങ്കളാഴ്ചയാണ് ഘാൻസോലി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ഒറ്റയ്ക്ക് പെൺകുട്ടിയെ കണ്ടത്. മാതാപിതാക്കളെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
ഒറ്റപ്പെട്ട നിലയിൽ പെൺകുട്ടിയെ കണ്ടതോടെ പട്രോളിങ് ഉദ്യോഗസ്ഥർ വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചിരുന്നു എന്നും എന്നാൽ കുട്ടി പ്രതികരിച്ചില്ലെന്നും സീനിയർ പൊലീസ് ഇൻസ്പെക്ടർ രാജേഷ് ഷിൻഡെ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
കുട്ടി ബലാത്സംഗത്തിന് ഇരയായതായി പരിശോധനയിൽ കണ്ടെത്താൻ സാധിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് താൻ അനുഭവിച്ച പീഡനത്തെ പറ്റിയുള്ള വിവരങ്ങളൊന്നും പൊലീസിനോട് പറയാൻ സാധിച്ചിട്ടില്ല. പ്രതികളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സെക്ഷൻ 65(1), 115(2), 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്ട്രർ ചെയ്തിട്ടുള്ളത്.