പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ അകപ്പെട്ടു,ഒരാളെ കാണാതായി
കൊല്ലം: കൊല്ലം പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ അകപ്പെട്ടു. ഇതില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടമുണ്ടായത്. കല്ലടയാര്‍ തീരത്തേക്ക് സെല്‍ഫിയെടുക്കുന്നതിനായാണ് പെണ്‍കുട്ടികളെത്തിയത്. ഇതിനിടെ കാല്‍വഴുതി ഒരാള്‍ വീഴുകയായിരുന്നു. ഈ കുട്ടിയെ രക്ഷപ്പെടുത്തുന്നതിനായി മറ്റ് രണ്ടുപേരും ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരും ഒഴുക്കില്‍പ്പെട്ടത്. എന്നാല്‍ സഹോദരങ്ങളായ അനുഗ്രഹയും അനുപമയും രക്ഷപ്പെട്ടു. പത്താംക്ലാസ് വിദ്യാര്‍ത്ഥിനി അപര്‍ണ്ണയാണ് ഒഴുക്കില്‍പ്പെട്ടത്. കുട്ടിക്കായി തെരച്ചില്‍ തുടരുകയാണ്.
ആര്യനാട് പൊലീസ് സ്റ്റേഷനിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ആൾ മരിച്ചു
ആര്യനാട് പൊലീസ് സ്റ്റേഷനിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയ ആൾ മരിച്ചു. പാലോട് പച്ച സ്വദേശി ഷൈജുവാണ് (47) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പെട്രോളൊഴിച്ച് തീകൊളുത്തിയ ഇദ്ദേഹത്തിന് 60 ശതമാനം പൊള്ളലേറ്റിരുന്നു. പങ്കാളിയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ഇയാൾ സ്റ്റേഷന് പുറത്തു പോകുകയും പിന്നീട് പെട്രോളുമായി എത്തി ശരീരത്തിൽ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു. പൊലീസുകാർ ഉടൻ തന്നെ വാഹനത്തിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പാലോട് പച്ച സ്വദേശിയായ ഷൈജു കൊട്ടാരക്കര പുത്തൂരിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ്. ഇയാൾ ഒപ്പം കഴിഞ്ഞിരുന്ന ആര്യനാട് കോട്ടയ്ക്കകം സ്വദേശിയെ കാണാനില്ല എന്നാണ് പരാതി നൽകിയത്. ഇയാൾ സമാന പരാതി കൊല്ലം പുത്തൂർ സ്റ്റേഷനിലും നൽകിയിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ യുവതിയുടെ ഇഷ്ടപ്രകാരം സഹോദരനൊപ്പം പൊകാൻ അനുവദിച്ചിരുന്നു. അന്ന് പുത്തൂർ സ്റ്റേഷനിലും ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതിയെ അനുനയിപ്പിച്ച് വിടുകയായിരുന്നു. അതിന് പിന്നാലെയാണ് ആര്യനാട് സ്റ്റേഷനിൽ പരാതി നൽകുന്നതും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.