നിങ്ങളെപ്പോലെയുള്ളവര്‍ പീഡിപ്പിക്കപ്പെടണം; ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് കടയിലെത്തിയ വിദ്യാര്‍ത്ഥിനിയുടെ കരണത്തടിച്ച് യുവതി
കൊല്‍ക്കത്ത: ഇറക്കം കുറഞ്ഞ വസ്ത്രമായ ഷോര്‍ട്‌സ് ധരിച്ചെന്ന പേരില്‍ വിദ്യാര്‍ത്ഥിനിയെ യുവതി മര്‍ദ്ദിച്ചതായി പരാതി. യുപിയിലെ ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ എംഫില്‍ വിദ്യാര്‍ത്ഥിനിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നിങ്ങളെപ്പോലെ ഉള്ളവര്‍ പീഡിപ്പിക്കപ്പെടണമെന്ന് പറഞ്ഞായിരുന്നു യുവതി പെണ്‍കുട്ടിയുടെ മുഖത്തടിച്ചതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു പെണ്‍കുട്ടി.
ഇവരുടെ ഇറക്കം കുറഞ്ഞ വസ്ത്രധാരണം ഇഷ്ടപ്പെടാതിരുന്ന ഒരു യുവതി ഇത് ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി യുവതിയുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞ യുവതി ഇതുപോലെയുള്ളവരെ പീഡിപ്പിക്കണമെന്നും പറഞ്ഞുകൊണ്ട് മുഖത്ത് രണ്ടുതവണ ആഞ്ഞടിക്കുകയായിരുന്നു. സംഭവം കണ്ട് ആള്‍ക്കൂട്ടം വളഞ്ഞതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്നും യുവതി മുങ്ങി. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് കുറ്റക്കാരിയായ യുവതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി കസ്റ്റഡിയിലെടുത്തു.