പ്രേതങ്ങള്‍ കൂട്ടമായി എത്തി ഉപദ്രവിക്കുന്നു! പരാതിയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍
വഡോദര: പ്രേതങ്ങള്‍ കൂട്ടമായി എത്തി ഉപദ്രവിക്കുന്നു എന്ന വിചിത്ര പരാതിയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍. ഗുജറാത്തിലെ പഞ്ചമഹല്‍ ജില്ലയിലുള്ള യുവാവാണ് വിചിത്ര പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഞായറാഴ്ച്ച രാവിലെയാണ് മുപ്പത്തിയഞ്ചുകാരനായ യുവാവ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്.
പ്രേതങ്ങള്‍ കൂട്ടമായി തന്നെ തേടി വരുന്നുവെന്നും ഇതില്‍ രണ്ട് പ്രേതങ്ങള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവാവിന്റെ പരാതി. ജീവന്‍ അപകടത്തിലാണെന്നും സുരക്ഷയൊരുക്കണമെന്നുമാണ് യുവാവിന്റെ ആവശ്യം. അതേസമയം, യുവാവിന്റെ വിചിത്ര പരാതിയില്‍ പോലീസ് ആദ്യം ഞെട്ടിയെങ്കിലും സഹായിക്കാന്‍ തന്നെ തീരുമാനിച്ചു.
യുവാവിന് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയ പോലീസ് അദ്ദേഹത്തെ സമാധാനിപ്പിക്കാനായി പരാതി സ്വീകരിച്ചു. തന്റെ കൃഷി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടയിലാണ് പ്രേതങ്ങളുടെ ആക്രമണമുണ്ടായതെന്നാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്. പോലീസ് സ്റ്റേഷനില്‍ പ്രേതങ്ങള്‍ എത്തില്ലെന്ന ഉറപ്പിലാണ് താന്‍ പരാതിയുമായി വന്നതെന്നും യുവാവ് പറഞ്ഞു.
പരിഭ്രാന്തനായാണ് യുവാവ് സ്റ്റേഷനില്‍ എത്തിയെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ മയന്‍കിഷന്‍ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. അസ്വാഭാവികമായുള്ള യുവാവിന്റെ പെരുമാറ്റം മനസ്സിലാക്കിയതോടെ അദ്ദേഹത്തെ ശാന്തനാക്കാന്‍ പോലീസ് പരാതി സ്വീകരിക്കുകയായിരുന്നു.
ഇതിനിടയില്‍ യുവാവിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടുകാരും സ്റ്റേഷനിലെത്തി. യുവാവ് മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നും കഴിഞ്ഞ പത്ത് ദിവസമായി മരുന്ന് കഴിക്കുന്നില്ലെന്നും വീട്ടുകാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ യുവാവിന്റെ മരുന്ന് മുടക്കരുതെന്ന് നിര്‍ദേശിച്ചാണ് പൊലീസ് വീട്ടുകാരെ പറഞ്ഞുവിട്ടത്.