ലോകജനതയെ ആകെ ഭീതിയിലാഴ്ത്തി കൊവിഡ് വ്യാപനം തുടരുകയാണ്. ഏതൊക്കെ വഴികളിലൂടെ വൈറസ് പടര്‍ന്നു പിടിക്കും എന്നതിനെ സംബന്ധിച്ചുള്ള ആശങ്കകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഓരോ ദിവസവും കൊവിഡുമായി ബന്ധപ്പെട്ട പുതിയ പഠനങ്ങളും നിരീക്ഷണങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ഇത്തരത്തില്‍ കൊവിഡുമായി ബന്ധപ്പെട്ട് ഏറെപ്പേര്‍ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന് മറുപടി നല്‍കുകയാണ് ലോകാരോഗ്യ സംഘടനയുടെ വക്താവും പകര്‍ച്ചവ്യാധി വിദഗ്ധയുമായ ഡോ.സില്‍വീ ബ്രയാന്‍ഡ്. വായുവിലൂടെ കൊവിഡ് പകരാന്‍ സാധ്യതയുണ്ട് എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ വെള്ളത്തിലൂടെയും ഇത് പകരുമോയെന്ന സംശയം ശക്തമായിരുന്നു. അതുപോലെ തന്നെ കാലാവസ്ഥ എത്രമാത്രം കൊവിഡ് വ്യാപനത്തെ സ്വാധീനിക്കുന്നുണ്ട് എന്ന സംശയവും.
എന്നാല്‍ വെള്ളത്തിലൂടെ ഒരു തരത്തിലും കൊവിഡ് പകരുകയില്ലെന്നാണ് ഡോ. സില്‍വീ ഉറപ്പിച്ചു പറയുന്നത്. ഉദാഹരണമായി, ഒരു സാഹചര്യവും ഇവര്‍ വിശദീകരിക്കുന്നു. കൊവിഡ് ബാധിച്ചയാള്‍ കുളിക്കുന്ന ഒരു സ്വിമ്മിംഗ് പൂള്‍. ഇതേ പൂളില്‍ രോഗമില്ലാത്ത ഒരാള്‍ കുളിക്കുന്നു. എന്നാല്‍ അതുകൊണ്ട് രണ്ടാമനില്‍ കൊവിഡ് ബാധയുണ്ടാകില്ലെന്നാണ് ഡോ. സില്‍വീ വ്യക്താക്കുന്നത്. രണ്ട് പേരും ഒരേ സമയത്ത് കുളിച്ചാല്‍ പോലും രോഗം പകരില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇരുവരും അടുത്തിടപഴകിക്കൊണ്ടാണ് പൂളില്‍ സമയം ചിലവിടുന്നതെങ്കില്‍ തീര്‍ച്ചയായും രോഗബാധയുണ്ടായേക്കാമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
സമാനമായിത്തന്നെ, കൊവിഡ് വ്യാപനത്തില്‍ കാലാവസ്ഥയ്ക്ക് കാര്യമായ സ്വാധീനമില്ലെന്നും ഡോക്ടര്‍ പറയുന്നു. ചൂട് കൂടിയ രാജ്യങ്ങളിലും തണുപ്പ് കൂടിയ രാജ്യങ്ങളിലുമെല്ലാം ഒരുപോലെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതേസമയം, തണുപ്പുള്ള മേഖലകളില്‍ വെന്റിലേഷനില്ലാതെ പലരും ഒരേ കെട്ടിടത്തില്‍ താമസിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ അത് രോഗവ്യാപനം എളുപ്പത്തിലാക്കുമെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു.