‘താങ്കൾ തോറ്റു’ട്രംപിനെ കാര്യങ്ങൾ ബോധിപ്പിയ്ക്കാൻ മരുമകൻ്റെ ശ്രമം
വാഷിംങ്ടണ്‍: വീണ്ടും പ്രസിഡന്‍റാകാനുള്ള ട്രംപിന്‍റെ മോഹം പൊലിഞ്ഞു എന്നത് ഇപ്പോഴും ട്രംപിന് ബോധ്യമായിട്ടില്ല എന്ന വാര്‍ത്തകള്‍ വരുന്നതിനിടെ. തെരഞ്ഞെടുപ്പിലെ പരാജയം ഡൊണാല്‍ഡ് ട്രംപിനെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളുമായി മരുമകന്‍ ജെറാഡ് കുഷ്‌നര്‍ രംഗത്ത് എന്ന് റിപ്പോര്‍ട്ട്. ട്രംപിന്‍റെ മകള്‍ ഇവാങ്കയുടെ ഭര്‍ത്താവും പ്രസിഡന്‍റെ ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവുമാണ് ജെറാര്‍ഡ് കുഷ്‌നര്‍.
ട്രംപിനെ സമീപിച്ച് കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബൈഡന്‍ വിജയിച്ചതായ അവകാശവാദം വ്യാജമാണെന്നും താനാണ് യാഥാര്‍ത്ഥ വിജയി എന്നുമാണ് ട്രംപ് ഇപ്പോഴും അവകാശപ്പെടുന്നത്. ഇന്നലെ പെന്‍സില്‍വാനിയയിലെ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ പ്രസിഡന്‍റ് സ്ഥാനത്തിന് ആവശ്യമായ ഭൂരിപക്ഷം ഇലക്ട്രറല്‍ വോട്ടുകള്‍ ട്രംപിന്‍റെ എതിരാളി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ നേടിയിരുന്നു. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് തൊട്ട് മുന്‍പ് ‘ഞാന്‍ വലിയ രീതിയില്‍ വിജയിച്ചു’ എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
ട്രംപ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നത് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ജെറാർഡ് കുഷ്നർ ട്രംപിനെ സമീപിച്ചതായി പേര് വെളിപ്പെടുത്താത്ത രണ്ട് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ട്രംപിനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചതായി കുഷ്‌നര്‍ പറഞ്ഞെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്നാല്‍ മുഖ്യഉപദേശകന്‍റെ ഉപദേശം ട്രംപ് വിലയ്ക്കെടുത്തില്ല എന്നാണ് സൂചന, അമേരിക്കന്‍ ജനതയുടെ വോട്ട് സത്യസന്ധമായി എണ്ണുന്നത് വരെ താന്‍ വിശ്രമിക്കില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. തിങ്കളാഴ്ച മുതല്‍ നിയമ പോരാട്ടം തുടങ്ങുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.
അതേ സമയം ഭൂരിപക്ഷം ഒരു സ്ഥാനാര്‍ത്ഥി നേടിയാല്‍ പതിവായി നടത്താറുള്ള ആശയ വിനിമയം ട്രംപും ബൈഡനും തമ്മില്‍ നടന്നിട്ടില്ലെന്നാണ് ബൈഡന്‍ ക്യാംപ് അറിയിക്കുന്നത്. ബൈഡന്‍-ഹാരിസ് കാംപെയിന്‍ ഡെപ്യൂട്ടി മാനേജര്‍ കേറ്റ് ബെഡിഗ്ഫീല്‍ഡ് ഇത് സ്ഥിരീകരിക്കുന്നു.