വിട്ടുവീഴ്ച ചെയ്താല്‍ അവസരം തരാമെന്ന് പറഞ്ഞ് പലരും സമീപിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി ഗായത്രി സുരേഷ്
വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെങ്കില്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി ഗായത്രി സുരേഷ്. അടുത്തിടെ അനുവദിച്ച ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇത്തരത്തിലുള്ള ഫോണ്‍ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും താന്‍ മറുപടി പറയാറില്ലെന്നും ഗായത്രി പറഞ്ഞു.
‘കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച് എനിക്ക് ചില സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാറില്ല. ഇങ്ങനെ ചെയ്യുന്നവരെ അവഗണിക്കുന്നതാണ് നല്ലത്.’-ഗായത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കണമെന്ന് ഗായത്രിയ്ക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്ത ധ്രുവനും പറഞ്ഞു.
ഗായത്രിയും ധ്രുവനും ഒന്നിച്ച് അഭിനയിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന ചിത്രം കഴിഞ്ഞ ഇടയ്ക്ക് പുറത്തെത്തിയിരുന്നു. ഇതിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു ഇരുവരും അഭിമുഖത്തില്‍ പങ്കെടുത്തത്. മായാവി, ടു കണ്‍ട്രീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ഷാഫിയും റാഫിയും ഒന്നിച്ച ചിത്രമായിരുന്നു ചില്‍ഡ്രന്‍സ് പാര്‍ക്ക്. ഷാഫി സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത് റാഫിയാണ്.