‘പുഴത്തീരത്ത് പോയി രണ്ടെണ്ണം അടിച്ചു സാറെ, ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ തലയ്ക്ക് പിടിച്ചു’ അടിച്ച് പൂസായി കോടതിയിലെത്തിയ കഞ്ചാവ് കേസ് പ്രതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി
മൂവാറ്റുപുഴ: അടിച്ച് പൂസായി കോടതിയിലെത്തിയ കഞ്ചാവ് കേസ് പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മുടവൂര്‍ ആനകുത്തിയില്‍ ബിനോയി (35) ആണ് അറസ്റ്റിലായത്. ഒന്നര കിലോ കഞ്ചാവുമായി പിടിയിലായ ബിനോയിക്ക് എതിരെ മൂവാറ്റുപുഴ എക്സൈസ് റജിസ്റ്റര്‍ ചെയ്ത കേസിലെ വിചരണ നടക്കുന്നതിനിടെയാണ് സംഭവം. രാവിലെയുള്ള വിസ്താരം കഴിഞ്ഞ് കോടതി പിരിഞ്ഞ ശേഷം വീണ്ടും കോടതിയില്‍ വിസ്താരം ആരംഭിച്ചപ്പോഴായിരുന്നു ബിനോയ് മദ്യപിച്ചെത്തിയത്.
ജഡ്ജി പല കാര്യങ്ങള്‍ ചോദിച്ചെങ്കിലും മറുപടി പറയാതെ ആടിക്കുഴഞ്ഞ് പിറുപിറുക്കുകയാണ് ബിനോയ് ചെയ്തത്. ഇതു കണ്ട ജഡ്ജി ബിനോയി മദ്യപിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. രാവിലത്തെ വിസ്താരം കഴിഞ്ഞ് പുഴത്തീരത്തു പോയി രണ്ടെണ്ണം അടിച്ചുവെന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ തലയ്ക്കു പിടിച്ചെന്നുമായിരുന്നു ഇയാളുടെ മറുപടി. ഇയാളെ കോടതി മുറിയില്‍ നിന്നു മാറ്റിയ ശേഷം പോലീസിനെ വിളിച്ചു വരുത്തി കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.