ലഖ്‌നൗ: വിഘ്‌നങ്ങള്‍ നീക്കാന്‍ വീടുകളില്‍ ഗോമൂത്രം തളിക്കുന്നത് അത്യുത്തമമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി. ഫത്തേപുരില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സംസ്ഥാനമൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരംപാല്‍ സിങ് പ്രസ്താവന നടത്തിയത്.
ഗോമൂത്രത്തില്‍ ഗംഗാദേവി കുടിയിരിക്കുന്നുണ്ടെന്നും അത് തളിക്കുന്നതോടെ വാസ്തുപരമോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ എല്ലാ വിഘ്‌നങ്ങളും മാറുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ, ചാണകത്തില്‍ ലക്ഷ്മീദേവി വസിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗോസംരക്ഷണത്തിനായി സംസ്ഥാനത്ത് നിര്‍മിച്ച രക്ഷാകേന്ദ്രങ്ങളില്‍ പശുക്കള്‍ നേരിടുന്ന ദുരവസ്ഥയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തിന്, പശുസംരക്ഷണകേന്ദ്രങ്ങളുടെ വികസനത്തിനായി സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും താമസിയാതെ പ്രശ്‌നപരിഹാരമുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു.
തത്വശാസ്ത്രത്തില്‍ ഡോക്ടറല്‍ ബിരുദം നേടിയ ധരംപാല്‍ സിങ് അധ്യാപകനായും കര്‍ഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബാന്ദയിലേക്ക് തിരിക്കുന്നതിന് മുമ്പ് പാര്‍ട്ടി ഭാരവാഹികളും എംഎല്‍എമാരുമായി ധരംപാല്‍ സിങ് ചര്‍ച്ച നടത്തി. ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഗോസംരക്ഷണകേന്ദ്രങ്ങളുടെ വികസനത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കി.