ഇന്ത്യൻ വാർത്താ വിനിമയ ഉപഗ്രഹം ജി സാറ്റ് 24 വിജയകരമായി വിക്ഷേപിച്ചു
ന്യൂഡൽഹി: ഇന്ത്യൻ വാർത്താ വിനിമയ ഉപഗ്രഹം ജി സാറ്റ് 24 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയനായിലെ യൂറോപ്യൻ സ്പേസ് പോർട്ടിൽ നിന്ന് പുലർച്ചെ 3.20-നായിരുന്നു വിക്ഷേപണം. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ഉപഗ്രഹ കരാർ ദൗത്യമായിരുന്നു ഇത്.
അരിയാൻ സ്പേസിന് ഈ വിക്ഷേപണം മറ്റൊരു സാധാരണ ദൗത്യം മാത്രം, എന്നാൽ ഇന്ത്യൻ ബഹിരാകാശ മേഖലയ്ക്ക് ഇത് പുതിയൊരു അധ്യായത്തിന്റെ തുടക്കമാണ്.
ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗം ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ കരാർ ഉപഗ്രഹ ദൗത്യം വിജയമായത് ഐഎസ്ആർഒയ്ക്ക് മറ്റൊരു നേട്ടമായി.
ടാറ്റ പ്ലേയ്ക്ക് വേണ്ടി നിർമ്മിച്ച നാല് ടൺ ഭാരമുള്ള കു ബാൻഡ് ഉപഗ്രഹം അരിയാൻ 5 കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചു. ഉപഗ്രഹത്തിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ലഭിച്ചു. അരിയാൻ സ്പേസ് വിക്ഷേപിക്കുന്ന 25-ാം ഇന്ത്യൻ ഉപഗ്രഹം കൂടിയായിരുന്നു ഇത്.
ഇന്ത്യൻ ബഹിരാകാശ മേഖലയുടെ വാണിജ്യ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തുന്നതിനായി 2019-ലാണ് സെൻട്രൽ പബ്ലിക് സെക്ടർ എന്‍റർപ്രൈസായി എൻഎസ്ഐഎൽ രൂപീകരിക്കുന്നത്. 2020-ലെ ബഹിരാകാശ നയമാറ്റത്തോടെയാണ് ഇസ്രൊയുടെ വിക്ഷേപണ വാഹനങ്ങളിൽ വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള കരാറുകൾക്കപ്പുറം ഉപഗ്രഹ നിർമ്മാണ കരാറുകൾ കൂടി ഏറ്റെടുക്കാൻ എൻഎസ്ഐഎല്ലിന് അനുമതി കിട്ടുന്നത്. ഈ വിഭാഗത്തിൽ ആദ്യത്തേതായിരുന്നു ടാറ്റ പ്ലേയുമായുള്ളത്.
ഉപഗ്രഹം നിർമ്മിച്ചു നൽകിയത് ഐഎസ്ആർഒ ആണെങ്കിലും നിയന്ത്രണം പൂർണ്ണമായും എൻഎസ്ഐഎല്ലിനാണ്. പുതിയ നയമനുസരിച്ച് ഐഎസ്ആർഒയുടെ പത്ത് ഉപഗ്രഹങ്ങൾ കമ്പനി ഏറ്റെടുത്ത് കഴിഞ്ഞു. ജിസാറ്റ് 24 കമ്പനിയുടെ നിയന്ത്രണത്തിൽ വരുന്ന പതിനൊന്നാം ഉപഗ്രഹമാണ്. ടാറ്റ പ്ലേയുടെ ഡിടിഎച്ച് സേവനങ്ങൾക്ക് വേണ്ടി മാത്രമായിരിക്കും ഈ ഉപഗ്രഹം ഉപയോഗിക്കുക. ജിസാറ്റ് 24-ന് പിന്നാലെ കൂടുതൽ വാണിജ്യ ദൗത്യങ്ങൾ ഏറ്റെടുക്കാൻ തയ്യാറെടുക്കുകയാണ് എൻഎസ്ഐഎൽ.