കൊച്ചി: സംസ്ഥാനത്ത് ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചതിനു പിന്നാലെ മരിച്ചയാളുടെ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള കര്‍ശന വ്യവസ്ഥകള്‍ വ്യക്തമാക്കി ആരോഗ്യവകുപ്പ്. കൊവിഡ് പ്രൊട്ടേകോള്‍ പൂര്‍ണമായും പാലിച്ചായിരിക്കും മട്ടാഞ്ചേരി സ്വദേശിയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തുക.
ആരോഗ്യ വകുപ്പ് അധികൃതരുടേയും ജില്ലാ ഭരണകൂടത്തിന്റെയും കര്‍ശന നിരീക്ഷണത്തിലാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ആശുപത്രിയില്‍ നിന്ന് മൃതദേഹം വിട്ട് കൊടുക്കുന്നതിന് മുന്‍പ് തന്നെ ഏതെങ്കിലും തരത്തിലുള്ള രോഗ വ്യാപന സാധ്യതയെല്ലാം ഒഴിവാക്കാന്‍ ശ്രദ്ധിച്ചിരുന്നു എന്ന് അധികൃതര്‍ വ്യക്തമാക്കി.
സംസ്‌കാര ചടങ്ങിന് അധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നവരും മൃദേഹം കൊണ്ട് പോകാന്‍ ഉപയോഗിച്ച വാഹനത്തിലെ ഡ്രൈവറടക്കം പതിനാല് ദിവസത്തെ നിരീക്ഷത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
മതപരമായ ചടങ്ങുകള്‍ എല്ലാം ഒഴിവാക്കണം. മുഖം മാത്രം കാണാനുള്ള സൗകര്യത്തോടെയാണ് മൃതദേഹം വിട്ട് നല്‍കുന്നത്. സുരക്ഷിത അകലത്തില്‍ നിന്ന് മാത്രമെ സംസ്‌കാര ചടങ്ങുകള്‍ നടത്താനും അനുമതിയുള്ളു.