അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞു, ഇന്ത്യയിൽ കുതിയ്ക്കുന്നു, നാളെയും വില കൂടും
ന്യൂഡൽഹി:ഇന്ത്യൻ ജനതയുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലേക്ക് ഇന്ധനവില വർധിക്കുന്നു (Fuel Price Hike). രാജ്യത്ത് അർധ രാത്രിയോടെ ഇന്ധന വില (Fuel Price) വീണ്ടും ഉയരും. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വർധനവ് തുടർച്ചയായി കുതിക്കുകയാണ്. ഒരു ലിറ്റർ ഡീസലിന് 85 പൈസയാണ് ഉയർത്തുന്നതെന്ന് (Diesel Price) എണ്ണക്കമ്പനികൾ വ്യക്തമാക്കി. പെട്രോൾ ലിറ്ററിന് 87 പൈസയുടെ വർധനവ് (Petrol Price) വരും.
ഇന്നലെയും രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്നലെ കൂട്ടിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.
അതേസമയം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വിലയിൽ ഇപ്പോൾ വൻ കുറവാണുണ്ടാകുന്നത്. മൂന്നു ദിവസത്തിനിടെ 6 ശതമാനം വിലയിടിഞ്ഞു. ബ്രന്റ് ക്രൂഡ് വില ബാരലിന് 107 ഡോളറിലേക്ക് താഴ്ന്നു. ഈ മാസം ആദ്യം വില 127 ഡോളർ വരെ ഉയർന്നിരുന്നു. അഞ്ചു ദിവസം മുൻപ് ബാരലിന് 117 ഡോളർ ആയിരുന്നു ബ്രെന്റ് ക്രൂഡ് വില. പണപ്പെരുപ്പം പരിഹരിക്കാനായി അമേരിക്ക അവരുടെ കരുതൽ ക്രൂഡ് ശേഖരത്തിൽ നിന്ന് പത്തു ലക്ഷം ബാരൽ എണ്ണ വിപണിയിലേക്ക് എത്തിക്കുമെന്ന വിവരമാണ് വില ഇടിയാൻ കാരണം. ഇന്ത്യയിലെ ക്രൂഡ് ഇറക്കുമതിയുടെ സൂചികയായ ഇന്ത്യൻ ബാക്സ്കറ്റിലും വിലയിടിവ് രേഖപ്പെടുത്തി. 109 ഡോളറാണ് ഇന്ത്യൻ ബാസ്കറ്റിൽ ഇപ്പോൾ ക്രൂഡ് വില. ഈ മാസം ഇത് 126 ഡോളർവരെ ഉയർന്നിരുന്നു.