ജീവനുള്ള വിഷപ്പാമ്പിനെ വിഴുങ്ങുന്ന തവളയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. വിഷപ്പാമ്പുകളിലൊന്നായ കോസ്റ്റല്‍ തായ്പാനെ വിഴുങ്ങുന്ന പച്ചത്തവളയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലെ ടൗണ്‍സ് വില്ലെയിലാണ് സംഭവം. ടൗണ്‍സ് വില്ലെയിലെ വീട്ടില്‍ വിഷപ്പാമ്പിനെ കണ്ടെന്ന് വിവരം അനുസരിച്ച് പാമ്പു പിടിത്ത വിദഗ്ധനായ ജാമി ചാപല്‍ പുറപ്പെട്ടു. എന്നാല്‍ പാതി വഴിയെത്തിയപ്പോഴേക്കും വിഷപ്പാമ്പിനെ തവള വിഴുങ്ങിത്തുടങ്ങിയെന്ന് വീട്ടുകാര്‍ അറിയിച്ചു.
ജാമി ചാപല്‍ അവിടെയെത്തിയപ്പോഴേക്കും 20-25 സെന്റീമീറ്റര്‍ നീളമുള്ള കോസ്റ്റല്‍ തായ്പാന്‍ പാമ്പിന്റെ തല മാത്രമാണ് കാണാനുണ്ടായിരുന്നത്. ആ സമയത്തും പാമ്പിന് ജീവനുണ്ടായിരുന്നു. മാത്രവുമല്ല തവളയുടെ ശരീരത്തില്‍ വിഷപ്പാമ്പ് കടിച്ചതിന്റെ പാടുകളുണ്ടായിരുന്നു. തവള ഉടന്‍ ചാകുമെന്നും ജീവനോടെ അകത്താക്കിയ വിഷപ്പാമ്പിനെ തവള ഛര്‍ദ്ദിക്കുമെന്നും കരുതി എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരിന്നു. തവളയ്ക്ക് ഒന്നും തന്നെ സംഭവിച്ചില്ല. രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷം തവളയ്ക്ക് അല്പം നിറവ്യത്യാസമുണ്ടായതല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്ന് ചാപല്‍ വ്യക്തമാക്കി.
തവളയുടെ ശരീരത്തില്‍ പാമ്പിന്റെ വിഷം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നറിയാന്‍ നിരീക്ഷിക്കുകയാണ് ചാപല്‍. തവളയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും നിലവിലില്ല. എന്തയാലും കൊടും വിഷമുള്ള പാമ്പിനെ വിഴുങ്ങുന്ന പച്ചത്തവളയുടെ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.