മലപ്പുറം: ചരക്ക് ലോറി ഡിവൈഡറില്‍ കയറി മറിഞ്ഞ് രണ്ട് ലക്ഷം രൂപയുടെ മുട്ടകള്‍ നശിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലിന് മഞ്ചേരി- മലപ്പുറം റോഡില്‍ 22ാം മൈലിലാണ് അപകടം. തമിഴ്നാട്ടിലെ നാമക്കല്‍ കോഴി ഫാമില്‍ നിന്ന് മഞ്ചേരി ഡെയ്‌ലി മാര്‍ക്കറ്റിലെ സിദ്ദിഖ് എഗ്ഗ് സ്റ്റോറിലേക്ക് മുട്ടയുമായി വരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
സംഭവത്തില്‍ 10 ലക്ഷം രൂപയുടെ നഷ്ടം വന്നതായാണ് കണക്കാക്കുന്നത്. അപകടത്തെ തുടര്‍ന്ന് ലോറിയിലെ മുട്ട മുഴുവന്‍ പൊട്ടി റോഡില്‍ പരന്നൊഴുകി. ലോറി നീക്കം ചെയ്യുന്നത് വരെ ഗതാഗത സ്തംഭനവുമുണ്ടായി. മഴയും റോഡിലെ വെളിച്ചക്കുറവും ഡിവൈഡറില്‍ സിഗ്നല്‍ ലൈറ്റ് ഇല്ലാത്തതും അപകടത്തിന് കാരണമായെന്നാണ് നിരീക്ഷണം.
തീരെ വീതി കുറഞ്ഞ റോഡില്‍ അടുത്തയിടെയാണ് പൊതുമരാമത്ത് വകുപ്പ് ഡിവൈഡറുകള്‍ സ്ഥാപിച്ചത്. ഒട്ടേറെ തവണ ഇവിടെ അപകടമുണ്ടായിട്ടുണ്ട്. അപകടത്തിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഡ്രൈവര്‍ തമിഴ്നാട് സ്വദേശി രവിയെയും സഹായിയെയും രക്ഷപ്പെടുത്തി.
അതേസമയം തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു. തുമ്പയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചവര്‍. ബംഗാള്‍ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഫോണില്‍ സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതാകാമെന്നാണ് പോലീസ് പറയുന്നത്. റെയില്‍വേ ട്രാക്കിന് സമീപമാണ് ഇവര്‍ താമസിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി.