27.6 C
Kottayam
Wednesday, May 8, 2024

ഈ മാസത്തെ സൗജന്യഭക്ഷ്യകിറ്റില്‍ ഏഴിനം സാധനങ്ങള്‍; വിതരണം അടുത്തയാഴ്ച മുതല്‍

Must read

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മാസം തോറും വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച സൗജന്യഭക്ഷ്യകിറ്റില്‍ ഏഴിനം സാധനങ്ങള്‍. സെപ്റ്റംബറിലെ കിറ്റ് ഈ മാസം പകുതിയോടെ വിതരണം ചെയ്ത് തുടങ്ങിയേക്കും. ഓണക്കിറ്റിലെ സാധനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഭക്ഷ്യവകുപ്പിന്റെ നേരിട്ടുളള നിയന്ത്രണത്തിലാണ് കിറ്റ് വിതരണം.

ഈ മാസത്തെ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സാധനങ്ങള്‍ ഇവയാണ്. ഒരോ കിലോ വീതം പഞ്ചസാരയും ഉപ്പും, ഗോതമ്പുപൊടിയും. 750 ഗ്രാം വീതം ചെറുപയറും കടലയും, അരലിറ്റര്‍ വെളിച്ചെണ്ണ, 250 ഗ്രാം സാമ്പാര്‍ പരിപ്പ്. ഏതെങ്കിലും സാധനങ്ങള്‍ ലഭ്യമല്ലാതെ വന്നാല്‍ പകരം തുല്യമായ തുകയ്ക്കുള്ള സാധനം ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓണക്കിറ്റിലെ ശര്‍ക്കരയും പപ്പടവും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇനിയുള്ള കിറ്റിന്റെ കാര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളാണ് ഭക്ഷ്യവകുപ്പ് സപ്ലൈകോയ്ക്ക് നല്‍കിയിരിക്കുന്നത്. ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തണം, കിറ്റിലേക്ക് വാങ്ങുന്ന സാധനങ്ങളും കിറ്റുകളുടെ പായ്ക്കിങ് പുരോഗതിയും ഓരോദിവസവും ഭക്ഷ്യവകുപ്പിനെ അറിയിക്കണം. ഓരോ ഡിപ്പോയിലും സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസറെ ചുമതലപ്പെടുത്തണം.

ഓരോ പായ്ക്കിങ് യൂണിറ്റിലും ദിവസേന പായ്ക്ക് ചെയ്യുന്ന കിറ്റുകളുടെ എണ്ണം, പങ്കെടുക്കുന്ന തൊഴിലാളികളുടെ എണ്ണം, അവര്‍ നിറച്ച കിറ്റുകളുടെ എണ്ണം എന്നിവ റജിസ്റ്ററില്‍ രേഖപ്പെടുത്തണം. കിറ്റിന്റെ ചെലവുകള്‍ കൃത്യമായി സര്‍ക്കാരില്‍ അറിയിക്കണം. ഇതിന്റ അടിസ്ഥാനത്തില്‍ ഗുണനിലവാര പരിശോധന കര്‍ശനമാക്കണമെന്ന് സപ്ലൈകോ എം.ഡി എല്ലാ ഡിപ്പോ മാനേജര്‍മാരോടും ആവശ്യപ്പെട്ടു. ഓണക്കിറ്റിലേക്ക് ശര്‍ക്കരയും പപ്പടവും വിതരണം ചെയ്ത ഒന്‍പത് കമ്പനികളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week