കണ്ണൂരിലെ മുഴപ്പിലങ്ങാട് കള്ളവോട്ട് നടന്നതായി കണ്ടെത്തി
കണ്ണൂര്‍: ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായത്ത് വാര്‍ഡ് നാലില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തി. കണ്ണന്‍ വയല്‍ പടന്നക്കണ്ടി ഈസ്റ്റ് എല്‍പി സ്‌കൂളിലാണ് കള്ളവോട്ട് നടന്നത്. മുഴുപ്പിലങ്ങാട് സ്വദേശി പ്രേമദാസന്റെ പേരിലാണ് കള്ളവോട്ട് ചെയ്തത്.
അതേസമയം 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 1105 പ്രശ്നബാധിത ബൂത്തുകളില്‍ കള്ളവോട്ട് തടയാനായി വെബ് കാസ്റ്റിംഗ് നടത്തുന്നുണ്ട്. മലബാറിലെ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂ ആണുള്ളത്.
വടക്കന്‍ ജില്ലകളില്‍ ആദ്യ മണിക്കൂറുകളില്‍ 17 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് വിധിയെഴുതുന്നത്. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. സാമൂഹിക അകലം പാലിച്ചുവേണം വോട്ടെടുപ്പില്‍ പങ്കാളികളാകാനെന്ന് അധികൃതര്‍ അറിയിച്ചു. പോളിംഗ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.