തമിഴ്‌നാട്ടില്‍ വാഹനാപകടം; തീര്‍ത്ഥാടനത്തിന് പോയ നാലു മലയാളികള്‍ മരിച്ചു
മധുര: ഏര്‍വാടി തീര്‍ഥാടനത്തിനു പോയവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ വാടിപെട്ടിയിലായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മലപ്പുറം കുറ്റിപ്പുറം പേരശ്ശനൂര്‍ വാളൂര്‍ കളത്തില്‍ മുഹമ്മദലിയുടെ ഭാര്യ റസീന (39), മകന്‍ ഫസല്‍ (21), മകള്‍ സഹന (ഏഴ്), കുറ്റിപ്പുറം മൂടാല്‍ സ്വദേശി ഹിളര്‍ (47) എന്നിവരും ബൈക്ക് യാത്രക്കാരനായ തമിഴ്‌നാട് ദിണ്ടിക്കല്‍ സ്വദേശി പഴനിച്ചാമി(41)യുമാണ് മരിച്ചത്. കാറിലുണ്ടായിരുന്ന സിസാനയെ (18) ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പഴനിച്ചാമി, റസീന, ഫസല്‍, സഹന എന്നിവര്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ഹിളര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഏര്‍വാടി തീര്‍ഥാടനത്തിനു പോയ റസീനയും കുടുംബവും സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മലയാളികള്‍ സഞ്ചരിച്ച കാറിന് തൊട്ടുപിന്നാലെ വന്ന ബൈക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇരുവാഹനങ്ങളും അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.