തിരുവല്ല: ഹോം സ്റ്റേയില്‍ താമസിച്ച് കള്ളനോട്ട് നിര്‍മിച്ച് വിതരണം നടത്തിയിരുന്ന കേസില്‍ ഒരു യുവതിയടക്കം നാലുപേര്‍കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേസില്‍ ഇനി അഞ്ചു പേര്‍കൂടി പിടിയിലാകാനുണ്ടെന്ന് തിരുവല്ല പോലീസ് അറിയിച്ചു.
കള്ള നോട്ട് സംഘത്തിന്റെ തലവന്‍ കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി ഷിബുവിനെ കോട്ടയത്തുനിന്നും ഇയാളുടെ സഹോദരന്‍ സജയന്‍, കൊട്ടാരക്കര സ്വദേശി സുധീര്‍ എന്നിവരെയും ഷിബുവിന്റെ ഭാര്യ നിമിഷയെയും പന്തളത്തുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കോട്ടയം കൊടുങ്ങൂര്‍ സ്വദേശി സജിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായവരെല്ലാം ബന്ധുക്കളും സഹൃത്തുക്കളുമാണ്.
സംഘത്തിലെ ചിലര്‍ വ്യാജനോട്ട് കേസില്‍ നേരത്തെ ശിക്ഷയനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വ്യാജനോട്ട് സംഘത്തിന്റെ നേതാവായ ഷിബു നേരത്തെ ബംഗളുരുവില്‍ നോട്ട് തട്ടിപ്പിനിരയായ ആളാണ്. അവിടെ നിന്നാണ് കള്ളനോട്ട് നിര്‍മാണം പഠിച്ചത്. തിരുവല്ലയിലെ ഹോം സ്റ്റേയില്‍ എത്തുന്ന സംഘം കുറച്ചു ദിവസം താമസിച്ചശേഷം മടങ്ങുകയായിരുന്നു പതിവ്.
അവസാനമായി ഇവര്‍ വന്നുപോയതിനുശേഷം സംശയം തോന്നിയ വീട്ടുടമ മുറി പരിശോധിച്ചപ്പോള്‍ കറന്‍സി നോട്ടുകളുടെ ചില ഭാഗങ്ങള്‍ ലഭിച്ചു. ഹോം സ്റ്റേ ഉടമ ഇക്കാര്യം തന്റെ സുഹൃത്തായ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു. ഇതേതുടര്‍ന്ന് തിരുവല്ല പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.