KeralaNews

ഉത്തര്‍ പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍ സിങ് അന്തരിച്ചു

ലഖ്നൗ:ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ കല്യാൺ സിങ് (89)അന്തരിച്ചു. ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു അന്ത്യം. രക്തത്തിലെ അണുബാധയെയും ഓർമ്മക്കുറവിനെയും തുടർന്ന് ജൂലൈ നാലിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

യു.പിയിലെ അത്രൗലിയിൽ 1932 ജനുവരി അഞ്ചിനാണ് കല്യാൺ സിങ്ങിന്റെ ജനനം. രണ്ടുതവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും 2014 മുതൽ 2019 വരെ രാജസ്ഥാൻ ഗവർണറായും കല്യാൺ സിങ് പ്രവർത്തിച്ചിരുന്നു. 1991-ലാണ് കല്യാൺ സിങ് ആദ്യമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്. 1992-ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് കല്യാൺ സിങ് ആയിരുന്നു മുഖ്യമന്ത്രി. ഇതിനു പിന്നാലെ രാജിവച്ച് ഒഴിഞ്ഞു.

1993-ൽ അത്രൗലി, കസ്ഗഞ്ച് മണ്ഡലങ്ങളിൽനിന്ന് കല്യാൺ സിങ് നിയമസഭയിലേക്ക് മത്സരിച്ചു. ഇരുമണ്ഡലങ്ങളിൽനിന്നും വിജയിച്ച കല്യാൺ സിങ്, മുലായം സിങ് യാദവ് മന്ത്രിസഭയിൽ പ്രതിപക്ഷ നേതാവായി. 1997-ൽ വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തി.

1999-ൽ ബി.ജെ.പി വിട്ട കല്യാൺ സിങ് 2004-ൽ പാർട്ടിയിൽ തിരിച്ചെത്തി. 2004-ൽ ബുലന്ദേശ്വറിൽനിന്ന് ബി.ജെ.പി ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 2009-ൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും പാർട്ടി വിട്ട സിങ്, 2014 ലാണ് ബി.ജെ.പിയിൽ തിരിച്ചെത്തിയത്.

കല്യാൺ സിങ്ങിന്റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കല്യാൺ സിങ്ങിന്റെ മരണത്തിൽ വാക്കുകളാൽ പ്രകടിപ്പിക്കാനാവുന്നതിന് അപ്പുറം ദുഃഖിതനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യതന്ത്രജ്ഞനും മികച്ച ഭരണാധികാരിയും മഹാനായ മനുഷ്യനുമായിരുന്നു കല്യാൺ സിങ്ങെന്നും ഉത്തർ പ്രദേശിന്റെ വികസനത്തിൽ മറക്കാനാകാത്ത സംഭാവന നൽകിയിരുന്നെന്നും മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കല്യാൺ സിങ്ങിന്റെ മകൻ രാജ് വീറിനോട് സംസാരിച്ചതായും അനുശോചനം അറിയിച്ചതായും മോദി പറഞ്ഞു.

രാഷ്ട്രപതി രാംനാഥ് കോവിന്ദും കല്യാൺ സിങ്ങിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. കല്യാൺ സിങ്ങിന് ജനങ്ങളുമായി ‘മാന്ത്രികബന്ധ’മുണ്ടായിരുന്നെന്ന് രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker