InternationalNews

‘കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കും; അതിന് വേണ്ടിയാണ് അളളാഹു എന്നെ ജീവനോടെ വച്ചിരിക്കുന്നത്; ഞാന്‍ തിരിച്ചെത്തി പ്രതികാരം ചെയ്യും’മുഹമ്മദ് യൂനുസിനെ വെല്ലുവിളിച്ച് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ധാക്ക: ബംഗ്ലദേശ് ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസിനെ വെല്ലുവിളിച്ച് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. താന്‍ തീര്‍ച്ഛയായും അധികാരത്തില്‍ തിരിച്ചുവരുമെന്നും കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. അവരുടെ കൊലപാതകികളെ നിയമത്തിന് മുന്‍പില്‍ കൊണ്ട് വന്ന് നിര്‍ത്തും. ഇതിന് വേണ്ടിയാണ് അളളാഹു തന്നെ ജീവനോടെ വച്ചിരിക്കുന്നത് എന്നും ഹസീന പറഞ്ഞു. ക്രിമിനലുകളുടെ തലവന്‍ എന്നര്‍ഥമുള്ള ‘മോബ്സ്റ്റര്‍’ എന്ന പദമാണ് യൂനുസിനെ വിശേഷിപ്പിക്കാന്‍ ഹസീന ഉപയോഗിച്ചത്. യൂനുസ് രാജ്യത്ത് ഭീകരരെ അഴിച്ചുവിടുകയാണെന്നും അവര്‍ ആരോപിച്ചു.

ആഭ്യന്തര കലാപത്തിനിടെ രക്ഷതേടി ഇന്ത്യയിലേക്ക് എത്തിയ ഹസീന സൂം മീറ്റിങ്ങില്‍ സംസാരിക്കുമ്പോഴാണ് യൂനുസിനെ വിമര്‍ശിച്ചത്. രാജ്യത്ത് അധര്‍മ്മം വളര്‍ത്തുന്നതില്‍ യൂനുസ് പ്രധാന പങ്കാണ് വഹിക്കുന്നത്. അതേസമയം ഹസീനയെ തിരികെ എത്തിക്കുമെന്നും ഇതിനു മുഖ്യപരിഗണന നല്‍കുമെന്നും ബംഗ്ലദേശിലെ ഇടക്കാല ഭരണകൂടം ആവര്‍ത്തിച്ചിട്ടുമുണ്ട്.

കഴിഞ്ഞ വര്‍ഷം വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമത്തില്‍ കൊല്ലപ്പെട്ട നാല് പൊലീസ് ഉദ്യോഗസ്ഥരുടെ വിധവകളുമായിട്ടാണ് ഇന്ത്യയിലുള്ള ഷെയ്ഖ് ഹസീന തിങ്കളാഴ്ച സൂം മീറ്റിങ്ങിലൂടെ സംസാരിച്ചത്. 2024 ഓഗസ്റ്റ് 5നുണ്ടായ ദാരുണ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ഹസീന, താന്‍ തിരിച്ചെത്തി പൊലീസുകാരുടെ മരണത്തിനു പ്രതികാരം ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസുകാരുടെ കൊലപാതകങ്ങള്‍ തന്നെ അധികാരത്തില്‍നിന്നു പുറത്താക്കാനുള്ള പദ്ധതികളുടെ ഭാഗമായിട്ടായിരുന്നു. പ്രക്ഷോഭത്തില്‍ 450 ഓളം പൊലീസ് സ്റ്റേഷനുകളാണ് ആക്രമിക്കപ്പെട്ടതെന്നും ഹസീന പറഞ്ഞു.

ബംഗ്ലാദേശില്‍ നിന്നും കലാപത്തെ തുടര്‍ന്ന് പലായനം ചെയ്ത ഹസീന ഇപ്പോഴും ഇന്ത്യയില്‍ തന്നെ തുടരുകയാണ്. ഞാന്‍ ഉറപ്പായും ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തില്‍ വരും. അന്ന് കലാപത്തില്‍കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കും. കൊലപാതകികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരും. ബംഗ്ലാദേശില്‍ ക്രമസമാധാനം ഉറപ്പുവരുത്തും. ഒരു പക്ഷെ അതുകൊണ്ട് ആയിരിക്കാം അള്ളാഹു എന്നെ ജീവനോടെ ഇപ്പോഴുംവച്ചിരിക്കുന്നത്.

ജൂലൈ- ഓഗസ്റ്റ് മാസങ്ങളില്‍ കലാപത്തിനിടെ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടത് പോലീസ് വെടിവയ്പ്പില്‍ അല്ല. മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നുവെങ്കില്‍ അത് വ്യക്തമായേനെ. കലാപം നിയന്ത്രിക്കാന്‍ പോലീസ് തങ്ങളെക്കൊണ്ട് ആകുന്നതെല്ലാം ചെയ്തു. സമാധാനപരമായി സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ആയിരുന്നു ഇവരുടെ ശ്രമം. എന്നാല്‍ കലാപകാരികള്‍ ആക്രമിച്ചു. ഇതോടെ പോലീസും ബലംപ്രയോഗിക്കുകയായിരുന്നു.

അബു സയിദിന്റെ സംഭവം ഇതിനൊരു ഉദാഹരണം ആണ്. കലാപകാരികളുടെ ആക്രമണം ഉണ്ടായപ്പോഴാണ് പ്രത്യാക്രമണം നടത്തിയത്. പോലീസുകാരെ കൊലപ്പെടുത്താന്‍ കലാപകാരികള്‍ ചേര്‍ന്ന് കൃത്യമായി ആസൂത്രണം നടത്തിയെന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേര്‍ത്തു.

കലാപത്തിന് കാരണമായവരെ യൂനസ് സര്‍ക്കാര്‍ സംരക്ഷിക്കുന്നു. വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച സമരം പോലീസുകാരെയും, അവാമി ലീഗ് നേതാക്കളെയും, ബൗദ്ധികപ്രമുഖരെയും, കലാകാരന്മാരെയും കൊല്ലുന്നതിലേക്ക് നയിച്ചു. എന്നിട്ടും അവര്‍ നിയമ നടപടികള്‍ നേരിടുന്നില്ല. യൂനസ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇവരൊന്നും ശിക്ഷിക്കപ്പെടില്ല. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുകയും ഇല്ല.

രാജ്യഭരണം നടത്താന്‍ മുഹമ്മദ് യൂനസ ഒട്ടും യോജിച്ച ആളല്ല. ഇക്കാര്യം അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്. പക്ഷെ എന്നിട്ടും പ്രധാനമന്ത്രി പഥത്തില്‍ കടിച്ച് തൂങ്ങുന്നു. മുന്‍ സര്‍ക്കാര്‍ സ്ഥാപിച്ചതെല്ലാം ഇല്ലാതെ ആക്കുന്നു. തന്റെ തറവാട് യൂനിസ് ചുട്ടെരിച്ചു.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ടും ബംഗ്ലാദേശില്‍ അക്രമം തുടരുകയാണ്. ഇത് പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒപ്പറേഷന്‍ ഡെവിള്‍ ഹണ്ട് എന്ന പേരില്‍ ഒരു ദൗത്യം തുടങ്ങിയതിനെക്കുറിച്ച് കേട്ടിരുന്നു. യൂനസിന് രാജ്യം ഭരിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക നില പരുങ്ങലിലാണ്. ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു. പൊതുജനങ്ങളുടെ സുരക്ഷ ഇല്ലാതായി എന്നും ഷെയ്ഖ് ഹസീന വിമര്‍ശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker