തിരുവനന്തപുരം: കേരളത്തിൽ നിന്ന് പടർന്ന് പന്തലിച്ച് രാജ്യത്തെ മുൻനിര ബിസിനസ് ഗ്രൂപ്പായി മാറിയ കല്യാൺ ജ്വല്ലേർസിന്റെ തലപ്പത്തേക്ക് മുൻ സിഎജി വിനോദ് റായ്. വിനോദ് റായിയെ ചെയർമാനാക്കാനുള്ള തീരുമാനത്തിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയെന്ന് കല്യാൺ ജ്വല്ലേർസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി. കമ്പനിയുടെ ചെയർമാനും ഇന്റിപെന്റന്റ് നോൺ – എക്സിക്യുട്ടീവ് ഡയറക്ടറുമായാണ് നിയമനം.
ഈ തീരുമാനത്തിന് ഓഹരി ഉടമകളുടെയും റെഗുലേറ്ററി അനുമതിയും ലഭിക്കേണ്ടതുണ്ട്. അതേസമയം ടിഎസ് കല്യാണരാമൻ കമ്പനിയുടെ മാനേജിങ് ഡയറക്ടറായി തുടരും. ഇന്ത്യയുടെ മുൻ സിഎജിയും ഐക്യരാഷ്ട്രസഭയുടെ എക്സ്ടേർണൽ ഓഡിറ്റേർസ് പാനലിന്റെ മുൻ അധ്യക്ഷനുമായിരുന്നു വിനോദ് റായ്.
കല്യാൺ ജ്വല്ലേർസുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് വിനോദ് റായ് പ്രതികരിച്ചു. ആഹ്ലാദത്തോടെയാണ് വിനോദ് റായിയെ കമ്പനിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് ടിഎസ് കല്യാണരാമനും പ്രതികരിച്ചു. ഇത് കമ്പനിയുടെ പുരോഗതിക്കായി എടുത്ത ഒരു സ്വാഭാവിക നടപടി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.