ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 10.6 കോടി രൂപയുടെ വിദേശകറന്‍സി പിടികൂടി. ഇസ്താംബൂളിലേക്കുള്ള വിമാനത്തില്‍ യാത്രചെയ്യാനെത്തിയ മൂന്ന് താജിക്കിസ്താന്‍ സ്വദേശികളില്‍നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിദേശ കറന്‍സി പിടിച്ചെടുത്തത്. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നടന്ന ഏറ്റവും വലിയ വിദേശകറന്‍സി കേസാണിതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു
പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം മൂന്നുപേരാണ് കള്ളക്കടത്ത് സംഘത്തിലുണ്ടായിരുന്നത്. ബാഗിനകത്ത് സൂക്ഷിച്ചിരുന്ന ഷൂസുകള്‍ക്കുള്ളിലാണ് പ്രതികള്‍ വിദേശകറന്‍സികള്‍ ഒളിപ്പിച്ചിരുന്നത്.
ഏകദേശം 7.20 ലക്ഷം യു.എസ്. ഡോളറും 4.66 ലക്ഷം യൂറോയുമാണ് മൂന്നംഗസംഘത്തില്‍നിന്ന് പിടിച്ചെടുത്തതെന്നും കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും കസ്റ്റംസ് അറിയിച്ചു.