KeralaNews

പ്രളയം തകർത്ത റോഡുകളുടെ പുനർനിർമാണത്തിന് ജർമൻ ഡെവലപ്‌മെന്റ് ബാങ്ക് 1400 കോടി രൂപ നൽകും,മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കരാർ ഒപ്പിട്ടു

തിരുവനന്തപുരം:പ്രളയം തകർത്ത പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണത്തിന് ജെർമൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരും ജർമൻ ഡെവലപ്‌മെന്റ് ബാങ്കും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കരാർ ഒപ്പിട്ടു.

1800 കോടി രൂപയുടെ പദ്ധതിയിൽ 1400 കോടി രൂപയുടെ സഹായമാണ് ജർമൻ ഡെവലപ്‌മെന്റ് ബാങ്ക് നൽകുക. ഇതിനു പുറമെ 25 കോടി രൂപ സ്ഥാപന ശാക്തീകരണത്തിനും ശേഷി വർദ്ധനയ്ക്കുമായി ഗ്രാന്റായി നൽകും.

പ്രളയദുരിതത്തിലായ സംസ്ഥാനത്തെ സഹായിക്കുന്നത് സംബന്ധിച്ച് കേരളവും കേന്ദ്രസർക്കാരും ജർമനിയുമായി നേരത്തെ തന്നെ ചർച്ചകൾ നടത്തിയിരുന്നു. പുനർനിർമാണം സംബന്ധിച്ച പദ്ധതി റിപ്പോർട്ട് കേരളം കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രസാമ്പത്തികകാര്യ വകുപ്പിന് കൈമാറിയിരുന്നു. ഒക്‌ടോബർ 30ന് ജർമൻ ബാങ്കും കേന്ദ്ര സർക്കാരും ലോൺ എഗ്രിമെന്റ് ഒപ്പുവച്ചു. തുടർന്നാണ് ഇന്നലെ സംസ്ഥാനവുമായി കരാറായത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, പ്രിൻസിപ്പൽ സെക്രട്ടറി ആർ. കെ. സിംഗ്, ബാങ്കിന്റെ ഇന്ത്യൻ മിഷൻ ടീം ലീഡർ കാർല ബെർക്, ഫ്രാങ്ക്ഫർട്ട് അർബൻ ഡെവലപ്‌മെന്റ് പ്രോജക്ട് മാനേജർ ജാൻ ആൽബർ, ഡെൽഹി അർബൻ ഡെവലപ്‌മെന്റ് സീനിയർ സെക്ടർ സ്‌പെഷ്യലിസ്റ്റ കിരൺ അവധാനുള എന്നിവർ സന്നിഹിതരായിരുന്നു.

അഞ്ച് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും. സംസ്ഥാനത്തെ 31 റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്നത്. മൊത്തം 800 കിലോമീറ്റർ ദൂരം ഇതിൽ ഉൾപ്പെടുന്നു. കെ. എസ്. ടി. പിയാണ് പണി നടത്തുക. മേയ് 2020 ഓടെ പണി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker